പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; 73കാരനായ മുൻ വൈദികൻ അറസ്റ്റിൽ
കൊച്ചി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മുൻ വൈദികനെ അറസ്റ്റ് ചെയ്ത് പൊലീസ്. ഓണക്കുളം സ്വദേശിയായ ഫാദർ ജോൺ ബോസ്കോ (73) ആണ് അറസ്റ്റിലായത്. വൈദികന്റെ വീടിനരികിൽ കളിക്കാനെത്തിയ കുട്ടിയെ നവംബർ 17നാണ് ഇയാൾ ഉപദ്രവിച്ചതെന്ന് പൊലീസ് പറയുന്നു.
കുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് പെരുമ്പാവൂർ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. പ്രാഥമിക അന്വേഷണത്തിനു ശേഷം ശനിയാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.