ആർ. വീരമണി

 
Crime

വ‍്യവസായി ആർ. വീരമണിക്കെതിരേ കൂടുതൽ വെളിപ്പെടുത്തൽ; ഏഴാമത്തെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു

പ്രായപൂർത്തിയാകാതിരുന്ന ഒരു കുട്ടിയിൽ നിന്നും പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് അറിയിച്ചു

Aswin AM

ചെന്നൈ: ഗ്രാനൈറ്റ് വ‍്യവസായി ആർ. വീരമണിക്കെതിരേ ഏഴാമത്തെ പോക്സോ കേസ് രജിസ്റ്റർ ചെയ്തതായി കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം (എസ്ഐടി). കുറ്റകൃത‍്യം നടന്ന സമയത്ത് പ്രായപൂർത്തിയാകാതിരുന്ന ഒരു കുട്ടിയിൽ നിന്നും പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

കുറച്ച് വർ‌ഷങ്ങൾക്ക് മുൻപ് ഗോപുരത്തുള്ള വീട്ടിൽ‌ വച്ച് പ്രായപൂർത്തിയാകാത്തപ്പോൾ വീരമണി ലൈംഗികമായി പീഡിപ്പിച്ചെന്ന് അതിജീവിത ആരോപിച്ചതായാണ് പൊലീസ് പറയുന്നത്. വീരമണിക്കെതിരായ കേസിൽ 10 ഇരകളുണ്ടെന്നും അവർ വീരമണിക്കെതിരേ പരാതി നൽകാൻ മുന്നോട്ടുവന്നതായും ഒരു ഉദ‍്യോഗസ്ഥൻ‌ വെളിപ്പെടുത്തി.

കേസിലെ മറ്റു പ്രതികളായ മഹേന്ദ്ര സിംഹൻ, ഭാര‍്യ ശാന്തി, മുൻ ജീവനക്കാരൻ കൈലാഷ് എന്ന് വിളിക്കുന്ന ഗണേഷൻ എന്നിവരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്‍റെ ദൃശ‍്യങ്ങൾ ഉൾപ്പെടുന്ന പെൻഡ്രൈവ് കണ്ടെത്തിയതിനെത്തുടർന്നാണ് അന്വേഷണ ഉദ‍്യോഗസ്ഥർ ഇയാൾക്കെതിരേ കേസെടുത്തത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ എത്തിച്ചുനൽകിയതിനും വീരമണയെ സഹായിക്കുകയും ചെയ്തതിന് ഇയാളുടെ വാഹന ഡ്രൈവർമാരായ പാർഥിപൻ, ലാസർ‌, ബാബു എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവർ നിലവിൽ പുഴൽ സെൻട്രൽ ജയിലിലാണ് കഴിയുന്നത്. അതേസമയം, വീരമണിയുടെ വസതികളിൽ പൊലീസ് പരിശോധന നടത്തുകയും ചില രേഖകൾ കണ്ടെടുക്കുകയും ചെയ്തിരുന്നു.