കെട്ടിടത്തിൽ നിന്ന് ചാടുന്നതിന്‍റെ ദൃശ്യം

 
Crime

നോയ്ഡയിൽ ബഹുനില കെട്ടിടത്തിന്‍റെ 43ാം നിലയിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കി

എൻസിആർ മേഖലയിലെ ഏറ്റവും കൂടിയ പാർപ്പിട സമുച്ചയമായ 68 നിലകളുള്ള സൂപ്പർനോവ കെട്ടിടത്തിൽ നിന്ന് ചാടിയാണ് ഇയാൾ ജീവനൊടുക്കിയത്

Sarath Nath MS

നോയ്ഡ: ഡൽഹി-എൻസിആർ മേഖലയിലെ നോയ്ഡയിൽ ബഹുനില പാർപ്പിട സമുച്ചയത്തിന്‍റെ 43ാം നിലയിൽ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു. എൻസിആർ മേഖലയിലെ ഏറ്റവും കൂടിയ പാർപ്പിട സമുച്ചയമായ 68 നിലകളുള്ള സൂപ്പർനോവ കെട്ടിടത്തിൽ നിന്ന് ചാടിയാണ് ഇയാൾ ജീവനൊടുക്കിയത്. നോയ്ഡ സെക്‌റ്റർ 94ലാണ് സംഭവം.

ഹരിയാനയിലെ മനേസർ സ്വദേശി സംഭവ് ജെയ്ൻ (35) ആണ് മരിച്ചത്. സൂപ്പർനോവ സമുച്ചയത്തിലെ സ്പിര ടവറിൽ നിന്നാണ് ഇയാൾ ചാടിയത്. കെട്ടിടത്തിലെ എയർബിഎൻബി റൂമിലാണ് ഇയാൾ താമസിച്ചിരുന്നത്. ആത്മഹത്യാ ശ്രമം തടയാൻ മറ്റൊരാൾ ശ്രമിച്ചിരുന്നു. എന്നാൽ ഇയാൾ അയാളെ തള്ളിമാറ്റി കെട്ടിടത്തിന്‍റെ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

തറയിൽ വീണ ഉടൻ ഇയാൾ മരിച്ചു. ശരീര ഭാഗങ്ങൾ ചിതറിയ നിലയിലായിരുന്നു. വെള്ളിയാഴ്ചയാണ് ഇയാൾ റൂം എടുത്തത്. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ഇയാൾ പലതവണ തന്‍റെ പിതാവിനെ വിളിച്ചിരുന്നു. സംഭവ് ജെയ്ൻ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നാണ് ലഭിച്ച വിവരമെന്ന് പൊലീസ് പറഞ്ഞു.

സൂപ്പർനോവ കെട്ടിടത്തിൽ നിന്ന് ചാടി മരിക്കുന്ന സംഭവം ഇതാദ്യമായല്ല റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ കെട്ടിടത്തിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന ഡൽഹി സ്വദേശിയായ 23 വയസുള്ള നിയമ വിദ്യാർഥി 32ാം നിലയിൽ നിന്ന് വീണ് മരിച്ചിരുന്നു. 2023 ജനുവരിയിൽ കെട്ടിടത്തിലെ നിർമാണ ജോലികൾ പരിശോധിക്കാൻ എത്തിയ ഡൽഹി സ്വദേശിയായ പ്രോപ്പർട്ടി കൺസൾട്ടന്‍റ് 43ാം നിലയിൽ നിന്ന് വീണ് മരിക്കുകയും ചെയ്തിരുന്നു.