യുവതിയും ബന്ധുവും ലോറിയിടിച്ച് മരിച്ചു

 
Crime

വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി; ക്ഷണക്കത്ത് നൽകാൻ പോയ യുവതിയും ബന്ധുവും ലോറിയിടിച്ച് മരിച്ചു

ക്ഷണക്കത്ത് നൽകിയ ശേഷം മടങ്ങവേ പിന്നിൽ നിന്ന് അമിത വേഗത്തിലെത്തിയ ലോറി ഇവരുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു

Sarath Nath MS

ബെംഗളൂരു: വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബന്ധുക്കൾക്ക് വിവാഹക്ഷണക്കത്ത് നൽകാൻ പോയ യുവതിയും ബന്ധുവും ലോറിയിടിച്ച് മരിച്ചു. ബെംഗളൂരുവിലെ ദീപാഞ്ജലിനഗർ മെട്രൊ സ്റ്റേഷന് സമീപമാണ് സംഭവം.

സോഫ്റ്റ്‌വെയർ എൻജിനീയറായ സിന്ധുശ്രീ (29), അവസാനവർഷ ഡിപ്ലോമ വിദ്യാർഥിനി വിദ്യ (19) എന്നിവരാണ് മരിച്ചത്. അവസാനമായി ഒരു ബന്ധുവിന് കൂടി വിവാഹക്ഷണക്കത്ത് നൽകാനാണ് സിന്ധുശ്രീ ബന്ധുവിനൊപ്പം സ്കൂട്ടറിൽ പോയത്. ക്ഷണക്കത്ത് നൽകിയ ശേഷം മടങ്ങവേ പിന്നിൽ നിന്ന് അമിത വേഗത്തിലെത്തിയ ലോറി ഇവരുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരുടെയും ദേഹത്തുകൂടി ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. ഗുരുതരമായി പരുക്കേറ്റ ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

നവംബർ 16നായിരുന്നു സിന്ധുശ്രീയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് മുന്നോടിയായുള്ള 'ഹൽദി' ഉൾപ്പെടെയുള്ള ചടങ്ങുകൾ വ്യാഴാഴ്ച നടക്കാനിരിക്കെയാണ് ദുരന്തം. ഓട്ടോറിക്ഷ ഡ്രൈവറാണ് സിന്ധുശ്രീയുടെ പിതാവ് നഞ്ചുണ്ടപ്പ. ഇദ്ദേഹത്തിന്‍റെ ഏക മകളായിരുന്നു സിന്ധുശ്രീ.

അപകടമുണ്ടാക്കിയ ഡ്രൈവർ ലോറി ഉപേക്ഷിച്ച് സംഭവസ്ഥലത്ത് നിന്ന് ഉടൻ കടന്നുകളഞ്ഞു. ഡ്രൈവർക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.