രസഗുളയാണെന്ന് കരുതി നാടൻ ബോംബ് കടിച്ചു; യുവാവിന് ദാരുണാന്ത്യം
Representative image
ഭോപ്പാൽ: രസഗുളയാണെന്ന് കരുതി നാടൻ ബോംബ് കടിച്ച യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഡിണ്ടോറി ജില്ലയിലാണ് സംഭവം. പദാരിയ ഗ്രാമത്തിലെ രാജേന്ദ്ര ഭാരോട്ടിയയാണ് (35) മരിച്ചത്. ചൊവ്വാഴ്ച രാത്രി സ്വന്തം വീട്ടിൽ ഇരുന്നിരുന്ന രാജേന്ദ്രയുടെ അരികിൽ എത്തിയ റാം ഭഗത് ബരോട്ടിയ എന്നയാളാണ് നാടൻ ബോംബ് നൽകി രസഗുളയാണെന്ന് വിശ്വസിപ്പിച്ചത്. ഇരുട്ടായിരുന്നതിനാൽ രാജേന്ദ്ര അതു വിശ്വസിച്ചു. രാജേന്ദ്ര അതിൽ കടിച്ച ഉടനെ തന്നെ വൻ സ്ഫോടനം ഉണ്ടായി.
ഉടൻ തന്നെ അയൽക്കാർ ഓടിക്കൂടി രാജേന്ദ്രയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റാം ഭഗത്തിനെയും മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സാധാരണയായി കാട്ടു പന്നികളെയും മറ്റും കൊല്ലാൻ ഉപയോഗിച്ചിരുന്ന സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് കോട്വാളി പൊലീസ് പറയുന്നു. നാടൻ സ്ഫോടക വസ്തു മാവിനുള്ളിൽ നിറച്ചാണ് ഇവ നിർമിക്കുന്നത്. വ്യക്തി വൈരാഗ്യമാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ സംഭവത്തിനു പിന്നിലെന്ന് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.