ഉമർ, കൊല്ലപ്പെട്ട അഭിരാം
തിരുവനന്തപുരം: പാങ്ങപ്പാറയിൽ വിദ്യാർഥി അഭിരാം കൊല്ലപ്പെട്ട കേസിൽ തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞ് രണ്ടാം പ്രതി ഉമർ. തനിക്ക് അഭിരാമിനെ അറിയില്ലെന്നും സംഭവം നടക്കുന്ന ദിവസം താൻ ഇവിടെ വന്നിട്ടില്ല എന്നുമാണ് കരഞ്ഞുകൊണ്ട് ഉമർ മാധ്യമങ്ങളോട് പറഞ്ഞത്.
എനിക്ക് അഭിരാമിനെ അറിയില്ല. ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവച്ചിരിക്കുന്നത്. ഞാൻ ഇവിടെ വന്നിട്ടില്ല. സംഭവം നടക്കുന്ന ദിവസം പോലും വന്നിട്ടില്ല. എന്നെ പ്രതിയാക്കിയതാണ്.- ഉമർ പറഞ്ഞു. കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുമ്പോഴായിരുന്നു ഉമറിന്റെ പ്രതികരണം. കേസിൽ റിമാൻഡിലായിരുന്ന ഉമറിനെയും മൂന്നാം പ്രതി മണക്കാട് സ്വദേശിയായ ആനന്ദയെയും പൊലീസ് ശനിയാഴ്ച കസ്റ്റിയിൽ വാങ്ങി. തുടർന്നാണ് തെളിവെടുപ്പ് നടത്തിയത്.
ആദ്യം ഉമറിന്റെ വീട്ടിലാണ് തെളിവെടുപ്പ് നടത്തിയത്. തുടർന്നാണ് കൊലപാതകം നടന്ന സ്ഥലത്തേക്ക് എത്തിച്ചത്. കേസിൽ ഉമറിന്റെ കാമുകിയായ ആക്കുളം സ്വദേശി ഐശ്വര്യയും പ്രതിയാണ്. ഉമറിന്റെ സഹായത്തോടെയാണ് 17 വയസുകാരനായ ഒന്നാം പ്രതി അഭിരാമിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. നവംബർ ഒന്നിനാണ് കൊലപാതകം നടത്തിയത്. കാമുകിയുടെ അക്കൗണ്ടിൽ നിന്ന് വിളിച്ചുവരുത്തിയാണ് 17 വയസുകാരനായ ഒന്നാം പ്രതി കൊല നടത്തിയത്. ഒന്നാം പ്രതി നിലവിൽ പൂജപ്പുരയിലെ ഒബ്സർവേഷൻ ഹോമിലാണ്.