കൊല്ലപ്പെട്ട മന്ദർ മാരുതി കിവ്ലെ
പുനെ: മഹാരാഷ്ട്രയിലെ പുനെയിൽ കൊലക്കേസ് പ്രതിയെ പട്ടാപ്പകൽ അതിക്രൂരമായി കൊലപ്പെടുത്തി. വടിവാൾ കൊണ്ട് കൈ വെട്ടി മാറ്റിയ ശേഷം വെടിവച്ച് കൊല്ലുകയായിരുന്നു. പുനെ കോടതിയുടെ പുറത്ത് വച്ച് ബുധനാഴ്ച ഉച്ചയ്ക്കാണ് അതിക്രൂരമായ കൊലപാതകം അരങ്ങേറിയത്.
മന്ദർ മാരുതി കിവ്ലെ എന്നയാളാണ് കൊല്ലപ്പെട്ടത്. നിയമനടപടികൾക്കായി കോടതിയിലെത്തിയപ്പോഴായിരുന്നു ആക്രമണം. രണ്ട് പേർ ചേർന്നാണ് കൃത്യം നടത്തിയത്. ആക്രമികൾ വടിവാൾ ഉപയോഗിച്ച് നിരവധി തവണ വെട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കൃത്യം നടത്തിയശേഷം ഇവർ രണ്ട് സ്കൂട്ടറുകളിൽ രക്ഷപ്പെട്ടു. വെട്ടേറ്റതിനെ തുടർന്ന് ഒരു കൈ അറ്റുപോയ നിലയിൽ കിവ്ലെ നടപ്പാതയിൽ കിടക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
2025 ഏപ്രിൽ 20ന് പുനെയിലെ സന്തോഷ്നഗർ കത്രജിൽ ഭൂമി, സാമ്പത്തിക തർക്കത്തെ തുടർന്ന് ശുഭം സുഭാഷ് ചവാൻ എന്ന ആളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കിവ്ലെ ജയിലിലായിരുന്നു. നാല് ദിവസം മുൻപാണ് ഇയാൾ ജയിൽമോചിതനായത്. തുടർന്ന് നിയമനടപടികൾക്കായി കോടതിയിലെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.