ഒഡീഷ സ്വദേശിയായ അധ്യാപകനിൽനിന്ന് ആലുവയിൽ പിടികൂടിയ കഞ്ചാവ് പരിശോധിക്കുന്ന എക്സൈസ് ഉദ്യോഗസ്ഥൻ.

 
Crime

ആലുവയിൽ 15 കിലോ കഞ്ചാവുമായി അധ്യാപകൻ അറസ്റ്റിൽ

എറണാകുളം എക്‌സൈസ് എൻഫോഴ്‌സ്മെന്‍റ് & ആന്‍റി നർക്കോട്ടിക് സ്‌ക്വാഡാണ് ഒഡീഷ സ്വദേശിയെയും കൂട്ടാളിയെയും പിടികൂടിയത്.

Local Desk

ആലുവ: ആലുവ കേന്ദ്രീകരിച്ചു നടത്തിയ മിന്നൽ പരിശോധനയിൽ ആലുവ സബ് ജയിൽ റോഡിൽ വച്ച് 2 അന്യസംസ്ഥാനക്കാരിൽ നിന്നും 14.666 കിലോഗ്രാം കഞ്ചാവും, കഞ്ചാവ് വിറ്റുകിട്ടിയ വകയിൽ ഇവരുടെ കൈവശം ഉണ്ടായിരുന്ന 28,850 രൂപയും കണ്ടെടുത്തു.

ഒഡീഷ സ്വദേശിയായ ഇസ്മായിൽ (42), ഉത്തർപ്രദേശ് സ്വദേശി ജാഫർ (26) എന്നിവർക്കെതിരേയാണ് കേസെടുത്തത്. ഇസ്മായിൽ ഒഡിഷയിലെ വിവിധ സ്കൂളുകളിൽ ഇംഗ്ലിഷ് അധ്യാപകനായി ജോലി ചെയ്തു വരുകയായിരുന്നു. ഇയാൾ ബിഎസ് ബിരുദധാരിയാണ്.

എറണാകുളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് നേരിട്ട് എത്തിക്കുന്ന ഒഡീഷയിൽ നിന്നുള്ള സംഘത്തിലെ അംഗങ്ങളാണ് ഇവർ. ഓപ്പറേഷൻ തണ്ടറിന്‍റെ ഭാഗമായി എക്‌സൈസ് എൻഫോഴ്‌സ്മെന്‍റ് & ആന്‍റി നർക്കോട്ടിക് സ്‌ക്വാഡ് ഓഫിസിലെ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ സിജോ വർഗീസും പാർട്ടിയും ചേർന്നാണ് പരിശോധന നടത്തിയത്.

പാർട്ടിയിൽ അസി. എക്സൈസ് ഇൻസ്‌പെക്റ്റർ (ഗ്രേഡ്) എൻ.ജി. അജിത് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ സി.വി. ജോമോൻ, ഫെബിൻ എൽദോസ്, ജിജോ അശോക്, അഭിരാം ഷാജി, അഖിൽ രാജ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ ടി.പി. സജിത എന്നിവർ ഉണ്ടായിരുന്നു.