ഗർഭിണിയായ മകളെ കൊന്ന് കുഞ്ഞിനെ തട്ടിയെടുത്ത് അമെരിക്കൻ യുവതി

 
Crime

ഗർഭിണിയായ മകളെ കൊന്ന് കുഞ്ഞിനെ തട്ടിയെടുത്ത് അമെരിക്കൻ യുവതി; മകളുടെ പ്രതിശ്രുത വരനുമായി ലൈംഗിക ബന്ധവും!

മകൾ ജീവനോടെയിരിക്കെയാണ് ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തതെന്നും യുവതി ചോദ്യംചെയ്യലിൽ മൊഴി നൽകി

MV Desk

മിഷിഗൺ: ഗർഭിണിയായ മകളെ കൊലപ്പെടുത്തി ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്ത് അമെരിക്കൻ യുവതി. കൂടാതെ മകളുടെ പ്രതിശ്രുത വരനുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്തു. അമെരിക്കയിലെ മിഷിഗണിലാണ് ഞെട്ടിക്കുന്ന സംഭവം.

കോർട്ട്നി ബാർത്തലോമ്യു (41), ഭർത്താവ് ബ്രാഡ്ലി ബാർത്തലോമ്യു (48) എന്നിവരാണ് കേസിലെ പ്രതികൾ. കോർട്ട്നിയുടെ മകളായ റെബേക്ക പാർക്കിനെ (22) ആണ് ഇരുവരും കൊലപ്പെടുത്തിയത്.

2025 നവംബറിലാണ് 39 ആഴ്ച ഗർഭിണിയായിരുന്ന റെബേക്കയെ കാണാതായത്. തുടർന്ന് കേസെടുത്ത പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. കോടതിയിൽ കേസിന്‍റെ പ്രാഥമിക വാദം നടക്കവേയാണ് പ്രതിശ്രുത വരൻ നിർണായകമായ വെളിപ്പെടുത്തലുകൾ നടത്തിയത്.

കോർട്ട്നിയുമായി തനിക്ക് നേരത്തെ ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്ന് റെബേക്കയുടെ പ്രതിശ്രുതവരനും ഗർഭസ്ഥ ശിശുവിന്‍റെ പിതാവുമായ റിച്ചാർഡ് ഫാർലർ മൊഴി നൽകി. 2023 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയായിരുന്നു ബന്ധം. കോർട്ട്നിയുമായുള്ള ബന്ധം അവസാനിച്ച് ഏകദേശം ഒരു മാസത്തിന് ശേഷമാണ് റെബേക്കയുമായി താൻ പ്രണയബന്ധത്തിലായത്. ബന്ധത്തിലായിരുന്ന സമയത്ത് മറ്റൊരു കുഞ്ഞിനെ വേണമെന്നും എന്നാൽ തനിക്ക് ഇനി ഗർഭം ധരിക്കാൻ കഴിയില്ലെന്നും കോർട്ട്നി തന്നോട് പറഞ്ഞുവെന്നും ഫാർലർ കോടതിയിൽ വ്യക്തമാക്കി.

മുത്തശ്ശിയിൽ നിന്ന് ലഭിച്ച പാരമ്പര്യസ്വത്തുമായി ബന്ധപ്പെട്ട് ഏകദേശം 18,000 ഡോളറിന്‍റെ ചെക്ക് ലഭിച്ചെന്ന് പറഞ്ഞാണ് കോർട്ട്നി റെബേക്കയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് റെബേക്ക വീട്ടിലെത്തി. നവംബർ മൂന്നിന് അർധരാത്രിക്ക് തൊട്ടുമുൻപ് കോർട്ട്നിയുടെ വീട്ടിലാണ് റെബേക്കയെ അവസാനമായി കണ്ടത്. പിന്നീട് നവംബർ 25ന് വീട്ടിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള മാനിസ്റ്റീ വനത്തിൽ റെബേക്കയെ മരിച്ച നിലയിൽ കണ്ടെത്തി. എന്നാൽ ഗർഭസ്ഥ ശിശുവിനെ കണ്ടെത്താനായില്ല.

കോർട്ട്നിയും ബ്രാഡ്ലിയും ചേർന്ന് റെബേക്കയെ വാഹനത്തിൽ കയറ്റി വനമേഖലയിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. ആദ്യഘട്ടത്തിൽ റെബേക്കയുടെ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നായിരുന്നു കോർട്ട്നിയുടെ വാദം. എന്നാൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം കോർട്ട്നിയുടെ മൊബൈൽ നമ്പറിന്‍റെ സാന്നിധ്യം കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.

റെബേക്ക ജീവനോടെയിരിക്കെയാണ് ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തതെന്ന് കോർട്ട്നി ചോദ്യംചെയ്യലിൽ മൊഴി നൽകി. എന്നാൽ കുഞ്ഞ് രക്ഷപ്പെട്ടില്ല. ഇതോടെ കുഞ്ഞിന്‍റെ മൃതദേഹം മാലിന്യപെട്ടിയിൽ ഉപേക്ഷിച്ചു. തുടർന്ന് റെബേക്കയുടെ മൃതദേഹം ഒരു ചരിവിലേക്ക് തള്ളിയശേഷം ഇലകൾ കൊണ്ട് മൂടി.

കോർട്ട്നി ബാർത്തലോമ്യുവിനും ബ്രാഡ്ലി ബാർത്തലോമ്യുവിനുമെതിരേ ഒന്നാം ഡിഗ്രി കൊലപാതകം, പീഡനം, ഗർഭിണിയായ സ്ത്രീക്കെതിരായ ആക്രമണം എന്നിവയുൾപ്പെടെ നിരവധി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ അടുത്ത വാദം കേൾക്കൽ നവംബർ ഒൻപതിന് നടക്കും.