നസീം ദുരാനി

 
Crime

20ലധികം ക്രിമിനൽ കേസുകളിലെ പ്രതി; ദാവൂദ് ഇബ്രാഹിമിന്‍റെ അനുയായി യുപിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ഡൽഹി പൊലീസും നോയ്ഡ സ്പെഷ്യൽ ടാസ്ക് ഫോഴ്സും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്

Sarath Nath MS

ന്യൂഡൽഹി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്‍റെ ഡി കമ്പനിയുമായി ബന്ധമുള്ള ഗൂണ്ടാ നേതാവ് ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബുലന്ദ്ശഹർ സ്വദേശി നസീം ദുരാനി (37) ആണ് മരിച്ചത്.

ഈയാഴ്ച ഡൽഹി നിയമ മന്ത്രി കപിൽ മിശ്രയുടെ ഓഫീസിന് സമീപം ഒരാളെ വെടിവച്ച് കൊന്ന കേസിലെ പ്രതിയാണ് ഇയാൾ. ഡൽഹി പൊലീസും നോയ്ഡ സ്പെഷ്യൽ ടാസ്ക് ഫോഴ്സും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്.

നവംബർ 16നാണ് നസീം 26കാരനായ സമീർ എന്നയാളെ 20 തവണ വെടിവച്ച് കൊലപ്പെടുത്തിയത്. ഗുരുതരമായി പരുക്കേറ്റ സമീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നസീം ദുരാനി, ഹാരൂൺ സെയ്ഫി ഗൂണ്ടാ സംഘങ്ങൾ തമ്മിലുള്ള പോരിനെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം.

'റിസ്‌വാൻ‌' എന്ന പേരിൽ അറിയപ്പെട്ടിരുന്ന നസീം ദുരാനി ദാവൂദിന്‍റെ അടുത്ത അനുയായി ഛോട്ടാ ഷക്കീലുമായി ബന്ധമുള്ള ആളായിരുന്നു. 2016ൽ ഛോട്ടാ രാജനെ കൊലപ്പെടുത്താൻ ഷക്കീൽ നസീമിനെ ചുമതലപ്പെടുത്തിയിരുന്നു. പാക്-കനേഡിയൻ മാധ്യമപ്രവർത്തകൻ താരെക് ഫത്തായെ ഭീഷണിപ്പെടുത്തിയ കേസിലും നസീം അറസ്റ്റിലായിരുന്നു.

കൊലപാതകം, വധശ്രമം, കവർച്ച തുടങ്ങി 20ലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് നസീം. ഇയാളുടെ തലയ്ക്ക് 50,000 രൂപയാണ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. ഡൽഹിയിലെ വടക്കുകിഴക്കൻ മേഖലയിലാണ് ഇയാളുടെ ഗൂണ്ടാ സംഘത്തിന്‍റെ പ്രധാന പ്രവർത്തനം.