ഹൈ-ടെൻഷൻ ലൈനിൽ തട്ടി രണ്ട് പേർക്ക് ദാരുണാന്ത്യം
ബിക്കാനിർ: രാജസ്ഥാനിലെ ബിക്കാനിറിൽ ഹൈ-ടെൻഷൻ ഇലക്‌ട്രിസിറ്റി ലൈനിൽ തട്ടി രണ്ട് പേർ മരിച്ചു. സോധ്‌വാലി-ബിൻജഹർവാലി ഗ്രാമത്തിലാണ് സംഭവം.
ധോലെര ഗ്രാമസ്വദേശി ഭഗവാൻ സിങ് (20), തിരിച്ചറിയാത്ത മറ്റൊരാൾ എന്നിവരാണ് മരിച്ചത്. ഗ്രാമവാസികളാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വയർ കട്ടർ, ഒരു കെട്ട് വയറുകൾ, മറ്റു സാമഗ്രികൾ എന്നിവ മൃതദേഹങ്ങൾക്ക് സമീപത്ത് നിന്ന് കണ്ടെടുത്തു. വൈദ്യുത കമ്പി മോഷ്ടിക്കാൻ ശ്രമിക്കവേ ഹൈ-ടെൻഷൻ ലൈനിൽ തട്ടിയാണ് മരണം സംഭവിച്ചിരിക്കാൻ സാധ്യതയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ജംസാർ പൊലീസ് കേസെടുത്തു.