വർഷ
ബെംഗളൂരു: ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ യുവതി കുഴഞ്ഞു വീണു മരിച്ചു. ബെംഗളൂരു സ്വദേശിയായ വർഷ (23) ആണ് മരിച്ചത്. കർണാടകയിലെ ഹസൻ ജില്ലയിലെ ഒരു ലോഡ്ജിലാണ് സംഭവമുണ്ടായത്. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
സെപ്റ്റംബർ 11നാണ് ഒരു യാത്രയുടെ ഭാഗമായി തന്‍റെ കസിനും സുഹൃത്തിനുമൊപ്പം വർഷ സകലേഷ്പുരിലെ ലോഡ്ജിൽ എത്തുന്നത്. കുളിക്കാനായി പോകുന്നതിനു മുൻപായി വർഷ ഒരു ചോക്ലേറ്റ് കഴിച്ചു. തുടർന്ന് ബാത്ത്റൂമിലേക്ക് നടക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് വർഷയ്ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ പൊലീസ് ചോദ്യം ചെയ്തു. യുവതിയുടെ ശരീരത്തിൽ പരുക്കേറ്റതിന്‍റെ പാടുകളൊന്നുമുണ്ടായിരുന്നില്ല. യാത്രയേക്കുറിച്ച് വർഷ മാതാപിതാക്കളെ അറിയിച്ചിരുന്നു. പോസ്റ്റ് മാർട്ടം റിപ്പോർട്ട് കിട്ടിയതിനു ശേഷമായിരിക്കും യഥാർഥ മരണ കാരണം വ്യക്തമാവുക.