ആലപ്പുഴയിൽ വനിതാ ജീവനക്കാരോട് അപമര്യാദമായി പെരുമാറിയത് ചോദ്യം ചെയ്ത ജീവനക്കാരനെ ബൈക്കിൽ വലിച്ചിഴച്ചു
ആലപ്പുഴ: സൂപ്പർ മാർക്കറ്റിലെ വനിതാ ജീവനക്കാരോട് അപമര്യാദമായി പെരുമാറിയത് ചോദ്യം ചെയ്ത ജീവനക്കാരനെ ബൈക്കിൽ വലിച്ചിഴച്ചു. ആലപ്പുഴ മാന്നാറിൽ ഞായറാഴ്ചയാണ് സംഭവം. തലവടി സ്വദേശി ബൈജുവിനെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു.
മാന്നാറിലെ എൻആർസി സൂപ്പർ മാർക്കറ്റിലേക്ക് ബ്ലീച്ചിങ് പൗഡർ വാങ്ങാനെത്തിയ യുവാവ് അവിടത്തെ ജീവനക്കാരികളോട് മോശമായി പെരുമാറുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ ഇയാൾ രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു.
പിന്തുടർന്ന് ജീവനക്കാർ എത്തിയതോടെയാണ് ബൈക്കിൽ വലിച്ചിഴച്ചത്. ഗുരുതരമായി പരുക്കേറ്റ ജീവനക്കാരൻ ചികിത്സയിലാണ്.
നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഇയാളെ അറസ്റ്റ് ചെയ്യുന്ന നടപടിയിലേക്ക് കടന്നതായി പൊലീസ് അറിയിച്ചു. തലവടി സ്വദേശിയാണ് ഇയാൾ. അവിടെ നിന്നു സാധനം വാങ്ങാനായി ഇയാൾ മാന്നാറിലേക്കെത്തിയത് എന്തിനാണ് നാട്ടുകാർ ചോദിക്കുന്നു. ഇയാൾ മദ്യപിച്ചിരുന്നതായും ജീവനക്കാർ പറയുന്നു.