ആർ. പ്രേംകുമാർ
File
ജിബി സദാശിവൻ
കൊച്ചി: ഭവന നിർമാണം എന്ന ലക്ഷ്യം മുൻനിർത്തി സ്ഥാപിച്ച ഭാരത് ലജ്ന ലിമിറ്റഡ് (ബിഎൽഎം) മൾട്ടി സ്റ്റേറ്റ് കോ- ഓപ്പറേറ്റിവ് സൊസൈറ്റിയുടെ മറവിൽ നടന്നത് കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ്. കേരളം, തമിഴ്നാട്, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിലായി വൻകിട റിസോർട്ടുകൾ, തിയെറ്ററുകൾ, കെട്ടിടങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കോടികളുടെ രഹസ്യ നിക്ഷേപമാണ് ബിഎൽഎം സ്ഥാപക ചെയർമാൻ പ്രേംകുമാറിനുള്ളത്.
ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം ശേഖരിച്ച ശേഷമായിരുന്നു ക്രൈം ബ്രാഞ്ച് സംഘം ചെന്നൈയിലെത്തി പ്രേംകുമാറിനെ അറസ്റ്റ് ചെയ്തത്. 5,000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിന് കേസ് രജിസ്റ്റർ ചെയ്താണ് അന്വേഷണം തുടങ്ങിയതെങ്കിലും സൊസൈറ്റിയുടെ പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പ് 25,000 കോടി രൂപയിലേറെ വരുമെന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങൾ നൽകുന്ന സൂചന. ഒരു പ്രമുഖ ഗൂണ്ടാ നേതാവിന്റെ പങ്കും അന്വേഷിക്കുന്നുണ്ട്.
അറസ്റ്റ് ചെയ്ത ഉടനെ ബോധക്ഷയം അഭിനയിച്ചെങ്കിലും ആരോഗ്യത്തിന് ഒരു കുഴപ്പവും ഇല്ലെന്ന് ഡോക്റ്റർമാർ അറിയിച്ചതോടെ ഇയാളെ ഇന്നലെ ഉച്ചയോടെ അന്വേഷണ സംഘം കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിച്ചു. നിക്ഷേപകരിൽ നിന്ന് സ്വീകരിച്ച തുക വ്യാജ അക്കൗണ്ടുകളിലേക്കും ബന്ധുക്കളുടെ പേര് വഴിയും വ്യക്തിഗത ആവശ്യങ്ങൾക്കായി വകമാറ്റി എന്നാണ് കണ്ടെത്തൽ.
റിയൽ എസ്റ്റേറ്റ്, ഭവന നിർമാണം എന്നിവയ്ക്കു പുറമെ ഗതാഗതം, വിദ്യാഭ്യാസം, സ്വർണക്കടകൾ, ഊർജ മേഖല തുടങ്ങിയ മേഖലകളിലേക്ക് കേവലം 20 വർഷം കൊണ്ട് ബിഎൽഎം വ്യാപിച്ചിരുന്നു. തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്ത് കള്ളപ്പണം വെളുപ്പിക്കൽ, ഹവാല ഇടപാടുകൾ എന്നിവ കേന്ദ്രീകരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റും (ഇഡി) കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിയായ പ്രേംകുമാർ വളർന്നത് ചെന്നൈയിലാണ്. പിതാവ് ചെന്നൈ പോർട്ട് ട്രസ്റ്റിലെ ജീവനക്കാരനായിരുന്നു. സഹകരണ ബാങ്കിൽ നിന്ന് വായ്പ ലഭിക്കാൻ നേരിട്ട ബുദ്ധിമുട്ടുകളെ തുടർന്നാണ് സാധാരണക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 4 സുഹൃത്തുക്കളുടെ പിന്തുണയോടെ 2006ൽ ബിഎൽഎം ആരംഭിച്ചതെന്നാണ് 2023ൽ നൽകിയ ഒരു അഭിമുഖത്തിൽ ഇയാൾ അവകാശപ്പെട്ടിരുന്നത്.
2002ലെ മൾട്ടിസ്റ്റേറ്റ് സഹകരണ സംഘ നിയമപ്രകാരം ചെന്നൈ കേന്ദ്രമാക്കിയായിരുന്നു പ്രവർത്തനം. തുടർന്ന് കേരളം, തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. കേരളത്തിലും തമിഴ്നാട്ടിലും ട്രാൻസ്പോർട്ട് സർവീസുകൾ, ആന്ധ്രയിലും കേരളത്തിലും സിമന്റ് നിർമാണ യൂണിറ്റുകൾ, കേരളത്തിൽ സ്വർണക്കടകൾ, ചെന്നൈ, തിരുവനന്തപുരം, മൂന്നാർ, ബേക്കൽ എന്നിവിടങ്ങളിൽ ഹോട്ടലുകളും റിസോർട്ടുകളും ഇയാൾക്ക് സ്വന്തമായുണ്ട്.
വിരമിച്ച ജീവനക്കാരെയും സാധാരണക്കാരെയും ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് സൊസൈറ്റി ആകർഷിച്ചിരുന്നത്. എന്നാൽ നിക്ഷേപ കാലാവധി പൂർത്തിയായിട്ടും പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. അറസ്റ്റിന് രണ്ടു ദിവസം മുൻപ് തിരുവനന്തപുരത്തെത്തിയ പ്രേംകുമാർ അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിച്ചതായും വിവരമുണ്ട്. കേസിൽ വിട്ടുവീഴ്ച വേണ്ടെന്ന കർശന നിലപാട് ഉയർന്നതോടെ അന്വേഷണ സംഘം പ്രേംകുമാറിനെ ചെന്നൈയിലേക്ക് പിന്തുടർന്ന് വ്യാഴാഴ്ച രാവിലെയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.