Crime

ക്രിമിനൽ കേസ് പ്രതികളായ സഹോദരങ്ങൾ കാപ്പാ പ്രകാരം അറസ്റ്റിൽ

പത്തനംതിട്ട : അടൂർ, ഏനാത്ത് പൊലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതികളായ സഹോദരങ്ങളെ കാപ്പാ പ്രകാരം അടൂർ പൊലീസ് അറസ്റ്റ് ചെയ്തു.

അടൂർ ഏനാദിമംഗലം മാരൂർ ഒഴുകുപാറ വടക്കേചരുവിൽ വീട്ടിൽ സൂര്യലാൽ (23), ചന്ദ്രലാൽ (20) എന്നിവരെയാണ് കാപ്പാ (കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) നിയമ പ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. ഇരുവരെയും തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കയച്ചു.

ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. അടൂർ, ഏനാത്ത് പൊലീസ് സ്റ്റേഷൻ പരിധികളിൽ നരഹത്യാശ്രമം, മയക്കുമരുന്ന്, നിരോധിത പുകയില ഉൽപ്പനങ്ങൾ കൈവശം വെയ്ക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ നിരവധി ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളാണ് ഇരുവരും.

സൂര്യലാലിനെതിരേ കഴിഞ്ഞ മേയിൽ കാപ്പാ നടപടി സ്വീകരിച്ച് ജയിലിൽ അടച്ചതിന് ശേഷം ഒരു വർഷം പൂർത്തിയാകുന്നതിന് മുൻപാണ് രണ്ടാമതും കാപ്പാ നടപടികൾക്ക് വിധേയനാവുന്നത്. ഈവർഷം ഫെബ്രുവരിയിൽ ഇവരോടുള്ള വിരോധം നിമിത്തം ഇവരുടെ വീട്ടിൽ ഒരു സംഘം ആളുകൾ അതിക്രമിച്ചുകയറി അമ്മ സുജാതയെ ക്രൂരമായി മർദിക്കുകയും വീട് അടിച്ചു നശിപ്പിക്കുകയും, ചെയ്തിരുന്നു. ഗുരുതര പരിക്കേറ്റ സുജാത പിന്നീട് മരണപ്പെട്ടു. ഈ സംഭവത്തിൽ ഉൾപ്പെട്ട പതിനാല് പ്രതികളെ പൊലീസ് വിവിധ സ്ഥലങ്ങളിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു.

ഏനാത്ത് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമകേസിൽ, ഒളിവിലായിരുന്ന രണ്ടു പേരും അമ്മയുടെ സംസ്കാര ചടങ്ങുകൾക്ക് എത്തുകയും, ചടങ്ങുകൾ പൂർത്തിയായ ഉടനെ അടൂർ ഡി.വൈ.എസ്.പി, അടൂർ, ഏനാത്ത് പൊലീസ് ഇൻസ്‌പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നു. കാപ്പാ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര സബ് ജയിലിൽ തടവിൽ കഴിഞ്ഞുവന്ന സഹോദരങ്ങളെ അടൂർ പൊലീസ് സംഘം ജയിലിലെത്തി നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. ഇവരെ തൃശൂർ വിയ്യൂർ ജയിലിലെ കാപ്പാ സെല്ലിലേക്ക് മാറ്റും.

ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തിൽ കേസെടുത്ത് പൊലീസ്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; സംയുക്ത സംഘടനകൾ നാളെ മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

കോട്ടയത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

പവർകട്ടും വോൾട്ടേജ് ക്ഷാമവും: നെല്ലിക്കുഴിയിലെ ഫര്‍ണ്ണീച്ചര്‍ നിർമ്മാണ വ്യാപാര മേഖല പ്രതിസന്ധിയില്‍

ബാൻഡ് വാദ്യത്തിനിടെ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു