നാല് പെഗ് കഴിച്ചാൽ 12 മണിക്കൂർ വരെ രക്തത്തിൽ ആൽക്കഹോളിന്‍റെ അംശം ഉണ്ടാകാം.

 

Representative image - Freepik.com

Crime

മദ്യപിച്ച് പിറ്റേന്ന് വണ്ടിയോടിച്ചാലും പണി കിട്ടും

മദ്യപിച്ച് അപകടം ഉണ്ടാക്കിയാൽ ലൈസൻസ് ഉടൻ റദ്ദാക്കണമെന്ന ഹൈക്കോടതി നിർദേശം കൂടി വന്നതോടെ പൊലീസ് നടപടി കടുപ്പിക്കുന്നു

Kochi Bureau

ജിബി സദാശിവൻ

ചെറുതല്ലേ അടിച്ചിട്ടുള്ളൂ, കുഴപ്പമില്ലെന്ന് കരുതി വാഹനം ഓടിക്കാൻ വരട്ടെ. തലേദിവസം രാത്രി മദ്യപിച്ച ശേഷം രാവിലെ വാഹനം ഓടിച്ചാലും ഇനി പണി കിട്ടും. അത്രയെളുപ്പം പിഴയടച്ച് ഊരിപ്പോരാനാകില്ല. മദ്യപിച്ച് അപകടം ഉണ്ടാക്കിയാൽ ലൈസൻസ് ഉടൻ റദ്ദാക്കണമെന്ന ഹൈക്കോടതി നിർദേശം കൂടി വന്നതോടെ പൊലീസ് നടപടി കടുപ്പിക്കുകയാണ്. കഴിഞ്ഞ രാത്രിയിൽ നടത്തിയ പരിശോധനയിൽ നൂറോളം പേരാണ് കുടുങ്ങിയത്.

മദ്യപിച്ച് വാഹനം ഓടിക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ തെറ്റിദ്ധാരണകളാണ് വാഹനം ഓടിക്കുന്നവർക്കുള്ളത്. കഴിഞ്ഞ ദിവസം ഇരുപതോളം സ്‌കൂൾ ഡ്രൈവർമാർ പരിശോധനയ്ക്കിടെ പിടിയിലായതും ഇത്തരം തെറ്റിദ്ധാരണ മൂലമാണ്.

നമ്മുടെ നാട്ടിൽ മദ്യപിച്ചു വണ്ടി ഓടിക്കുന്നതിനുള്ള നിയമപരമായ പരിധി 0.03% ബിഎസി (ബ്ലഡ് ആൽക്കഹോൾ കോൺസെൻട്രഷൻ) ആണ്. അതായത് 100 മില്ലി രക്തത്തിൽ 30 മില്ലിഗ്രാമിൽ കൂടുതൽ ആൽക്കഹോൾ ഉണ്ടാകാൻ പാടില്ല.

ബ്രാൻഡി, റം, വിസ്കി എന്നിവയിലെല്ലാം അടങ്ങിയിരിക്കുന്ന ആൽക്കഹോളിന്‍റെ അളവ് (40% to 42.8% എബിവി) ഒന്നുതന്നെയാണ്. 4 ഫുൾ പെഗ് (240 എംഎൽ) ഏകദേശം 6 സ്റ്റാൻഡേർഡ് ഡ്രിങ്ക്സിന് തുല്യമാണ്. ഇത്രയും മദ്യം ശരീരത്തിൽ എത്തിയാൽ രക്തത്തിലെ ആൽക്കഹോളിന്‍റെ അളവ് നിയമപരമായ പരിധിയേക്കാൾ വളരെ മുകളിലായിരിക്കും.

നമ്മുടെ കരളിലെ എൻസൈമുകൾക്ക് ഒരു മണിക്കൂറിൽ പരമാവധി ഒരു ചെറിയ പെഗ് (30 എംഎൽ ) മദ്യം മാത്രമേ സംസ്കരിച്ച് കളയാൻ സാധിക്കൂ. 4 ഫുൾ പെഗ് (240 എംഎൽ ) മദ്യം പൂർണമായും സംസ്കരിക്കാൻ കരളിന് കുറഞ്ഞത് 10 മുതൽ 12 മണിക്കൂർ വരെ സമയം വേണം. അതായത് മദ്യപിച്ച ശേഷം 7 മണിക്കൂർ കഴിഞ്ഞാലും പകുതിയിലധികം മദ്യം രക്തത്തിൽ തന്നെ ഉണ്ടാകും. ആ സമയത്ത് ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ചാൽ പൊലീസിന്‍റെ പിടിയിലാകും.

ഒരു പെഗ് (60 മില്ലി) കഴിച്ചാൽ, കുറഞ്ഞത് 4 മണിക്കൂർ കഴിഞ്ഞേ വണ്ടി ഓടിക്കാവൂ. രണ്ട് പെഗ് ആണെങ്കിൽ 6 മുതൽ 7 മണിക്കൂർ വരെ കാത്തിരിക്കണം. മൂന്ന് പെഗ്ഗിന് 8 - 9 മണിക്കൂർ. നാല് പെഗ് ആണെങ്കിൽ 10-12 മണിക്കൂറും.

സ്ട്രോങ് കാപ്പി കുടിക്കുന്നതോ, തണുത്ത വെള്ളത്തിൽ കുളിക്കുന്നതോ, നാരങ്ങാ വെള്ളമോ മോരോ തൈരോ കുടിക്കുന്നതോ കരളിലെ ആൽക്കഹോൾ സംസ്കരണ പ്രക്രിയയെ വേഗത്തിലാക്കില്ല. രക്തത്തിലെ ആൽക്കഹോളിന്‍റെ അളവ് കുറയ്ക്കുകയുമില്ല. മദ്യപിച്ച് 5-6 മണിക്കൂർ ഉറങ്ങിയതുകൊണ്ട് മാത്രം രക്തത്തിലെ മദ്യം ഇല്ലാതാകില്ല.