ക്ലാസ് മുറിയിൽ കയറി മെഷീൻ വാൾ ആക്രമണം; വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്
അനന്തപുർ: ആന്ധ്രപ്രദേശിലെ അനന്തപുരിൽ ക്ലാസ്മുറിയിൽ അതിക്രമിച്ചു കയറിയ യുവാവ് വിദ്യാർഥിനിയെ മരംമുറിക്കാനുള്ള മെഷീൻ വാൾ കൊണ്ട് ആക്രമിച്ചു. തലയ്ക്കും കഴുത്തിനും പുറത്തും പരുക്കേറ്റ വിദ്യാർഥിനിയുടെ നില അതീവഗുരുതരം. അനന്തപുരിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം വിദ്യാർഥിനിയെ ബംഗളൂരുവിലെ ആശുപത്രിയിലേക്കു മാറ്റി. സ്കൂളിൽ നിന്നു കടന്നുകളഞ്ഞ അക്രമിയും വിദ്യാർഥിനിയുടെ ബന്ധുവുമായ എം. ഹേമന്തിനെ (20) പിന്നീട് അറസ്റ്റ് ചെയ്തു.
അനന്തപുരിലെ രാപ്താട് ജില്ലാ പരിഷത്ത് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി മൂഡഗ ഗോപിക (15)യ്ക്കു നേരേയായിരുന്നു ആക്രമണം. ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ സഹപാഠി സാകെ ലക്ഷ്മി എന്ന പെൺകുട്ടിക്കു കാലിന് പരുക്കേറ്റു. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം.
ക്ലാസിൽ കണക്ക് അധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കെ പുതുതായി വാങ്ങിയ വാളുമായെത്തിയ യുവാവ് നേരിട്ട് ഗോപികയ്ക്ക് നേരെ പാഞ്ഞടുത്ത് വെട്ടുകയായിരുന്നു. ക്ലാസിലുണ്ടായിരുന്ന 31 വിദ്യാർഥികളും ഭയന്നോടി. സെക്കൻഡുകൾക്കുള്ളിൽ അക്രമം നടത്തിയ പ്രതിയും രക്ഷപെട്ടു. ആക്രമണത്തിനായാണ് ഇയാൾ വാൾ വാങ്ങിയതെന്നു സംശയിക്കുന്നതായി പൊലീസ്. വധശ്രമം, പട്ടികജാതി-പട്ടികവർഗ അതിക്രമ വിരുദ്ധ നിയമം എന്നിവ പ്രകാരം പൊലീസ് കേസെടുത്തു.
സംഭവത്തിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, വിദ്യാഭ്യാസ മന്ത്രി നാരാ ലോകേഷ്, ആരോഗ്യ മന്ത്രി വൈ. സത്യകുമാർ യാദവ് എന്നിവർ ദുഃഖവും നടുക്കവും രേഖപ്പെടുത്തി. പെൺകുട്ടിയുടെ അമ്മയെ ഫോണിൽ വിളിച്ച മുഖ്യമന്ത്രി, മികച്ച ചികിത്സ ഉറപ്പാക്കാൻ സർക്കാരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.