സിയ ഗോയല്‍ പ്രതിശ്രുത വരന്‍ കേതന്‍ അഗര്‍വാളിനൊപ്പം

 
Crime

സിനിമയും പോഡ്‌കാസ്റ്റും കണ്ട് കൊല; യുവാവിനെ വധു കൊന്ന കേസില്‍ 5,053 പേജുള്ള കുറ്റപത്രം

പൊലീസിന്റെ പിടിയില്‍പ്പെടാതെ കൊലപാതകം എങ്ങനെ നടത്താമെന്ന് പഠിക്കാന്‍ പ്രതികള്‍ സിനിമകളും പോഡ്കാസ്റ്റുകളും കണ്ടിരുന്നതായി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു

Mumbai Correspondent

പുണെ: കേതന്‍ അഗര്‍വാള്‍ വധക്കേസില്‍ 5,053 പേജുള്ള കുറ്റപത്രം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. സിയ ഗോയല്‍, ചേതന്‍ ചൗധരി, റിതേഷ് ഹാങ്കെ എന്നിവരാണ് കേസിലെ മൂന്ന് പ്രതികള്‍. കേതനെ കൊലപ്പെടുത്താന്‍ പ്രതികള്‍ കൃത്യമായ ആസൂത്രണം നടത്തുകയും അത് അപകട മരണമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു.

കേതന് ഗുരുതരമായി പരിക്കേല്‍പ്പിച്ച് വികലാംഗനാക്കാനായിരുന്നു പ്രതികള്‍ ആദ്യം പദ്ധതിയിട്ടിരുന്നത്. ഇതിനായി മഹാരാഷ്ട്രയ്ക്ക് പുറത്തുനിന്നുള്ള ചിലരെ ബന്ധപ്പെട്ടിരുന്നെങ്കിലും അന്വേഷണത്തില്‍ പിടിക്കപ്പെടുമെന്ന ഭയത്താല്‍ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് കൊലപാതകം സ്വന്തമായി നടത്താന്‍ തീരുമാനിച്ചു.

പൊലീസിന്റെ പിടിയില്‍പ്പെടാതെ കൊലപാതകം എങ്ങനെ നടത്താമെന്ന് പഠിക്കാന്‍ പ്രതികള്‍ സിനിമകളും പോഡ്കാസ്റ്റുകളും കണ്ടിരുന്നതായി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കൂടാതെ എഐ സാങ്കേതികവിദ്യയായ ചാറ്റ്ജിപിടിയുടെ സഹായവും ഇവര്‍ തേടിയിരുന്നു.

മേയ് അവസാനത്തോടെ സിയ ഗോയലും ചേതന്‍ ചൗധരിയും ചേര്‍ന്ന് ലോണാവാലയിലെ വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തി. ടൈഗര്‍ പോയിന്റില്‍ സിസിടിവി ക്യാമറകള്‍ കുറവാണെന്ന് ഇവര്‍ കണ്ടെത്തി. തുടര്‍ന്ന് അപകടമരണമെന്ന് തോന്നിപ്പിക്കാന്‍ അനുയോജ്യമായ സ്ഥലം ലോഹഗഡ് ആണെന്ന് ഉറപ്പിച്ചു. 2026 മാര്‍ച്ച് മാസത്തില്‍ ലോഹഗഡില്‍ ഒരു യുവതി വീണു മരിച്ച സംഭവം ഇവര്‍ ശ്രദ്ധിച്ചിരുന്നു. മലമുകളില്‍ നിന്ന് സെല്‍ഫിയെടുക്കുമ്പോള്‍ അബദ്ധത്തില്‍ വീണു മരിച്ചതാണെന്ന് ആളുകളെ വിശ്വസിപ്പിക്കാനായിരുന്നു പ്രതികളുടെ ലക്ഷ്യം.

ജൂണ്‍ നാലിന് സിയ കേതനുമായി ലോഹഗഡിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചിരുന്നു. ബാലിയിലേക്ക് പ്രീ-വെഡ്ഡിങ് ഷൂട്ടിനായി പോകുന്നതിന് മുന്‍പ് കേതനെ കൊലപ്പെടുത്താനായിരുന്നു നീക്കം. ജൂണ്‍ ആറിന് സിയയും കേതനും ബാലിയിലേക്ക് പോകേണ്ടതായിരുന്നു. എന്നാല്‍ യാത്രയ്ക്കിടെ ഖലാപ്പൂരിലെ ഒരു കഫേയിലെ ശൗചാലയത്തില്‍ വെച്ച് സിയ കേതന്റെ പാസ്പോര്‍ട്ട് കീറി നശിപ്പിച്ചു. ഇതോടെ ബാലി യാത്ര മുടങ്ങി.

ജൂണ്‍ 14-ന് സിയയും കേതനും ലോഹഗഡിലെത്തി. ഇവിടെവെച്ച് സിയ കേതനെ മലമുകളില്‍ നിന്ന് തള്ളിയിടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

കൊലപാതക പദ്ധതി നടപ്പിലാക്കാന്‍ പ്രതികള്‍ 'മാഹി' എന്ന പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിര്‍മ്മിച്ചു. തങ്ങള്‍ക്ക് അറിയാവുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കിയത്. സിയയുടെ സുഹൃത്താണെന്ന് കേതനെ വിശ്വസിപ്പിച്ചു. ജൂണ്‍ 18-ന് ഈ അക്കൗണ്ടിലൂടെ കേതനുമായി ബന്ധപ്പെടുകയും, സിയക്ക് സര്‍പ്രൈസ് ജന്മദിനാഘോഷം ഒരുക്കാന്‍ കേതനോട് സിയയെയും കൂട്ടി ലോഹഗഡിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. റിതേഷ് ഹാങ്കെയാണ് ചാറ്റ് ചെയ്തത്

മറ്റൊരു വഴിയിലൂടെ ചേതന്‍ ചൗധരി ലോഹഗഡിലെ കോട്ടയിലുള്ള ക്ഷേത്രത്തിന് സമീപത്തെത്തി. സിയ നല്‍കിയ സൂചന പ്രകാരം ഇയാള്‍ കൃത്യം നടത്തേണ്ട സ്ഥലത്തേക്ക് നീങ്ങി. കേതന്റെ ശ്രദ്ധ മാറിയ സമയത്ത് സിയ തോളില്‍ തള്ളുകയും, ചേതന്‍ കാലില്‍ തള്ളുകയും ചെയ്തു. തുടര്‍ന്ന് ചേതന്‍ കേതനെ തൊഴിച്ചു താഴേക്ക് വീഴ്ത്തി. വീഴ്ചയില്‍ കേതന്‍ തല്‍ക്ഷണം മരിച്ചു.

പൊലീസ് സമര്‍പ്പിച്ച 5,053 പേജുള്ള കുറ്റപത്രത്തില്‍ അഞ്ച് ദൃക്സാക്ഷികളുടെ മൊഴികളും ഡിജിറ്റല്‍ തെളിവുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിതേഷ് ഹാങ്കെയാണ് ഗൂഢാലോചന ആസൂത്രണം ചെയ്തതെന്നും സിയയും ചേതനും ചേര്‍ന്ന് കൊലപാതകം നടപ്പാക്കുകയായിരുന്നു എന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍.

വിമാനയാത്രയുടെ സ്പോൺസർ ആരെന്ന് മുഖ‍്യമന്ത്രി മറച്ചുവയ്ക്കുന്നു; ഇത് മുതലാളിമാരുടെ സർക്കാരാണെന്ന് പി. രാജീവ്

ഡിവിഷൻ വിഭജനം: ട്രെയ്‌നുകൾ വൈകുന്നത് ഒഴിവാകും

അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി