കോഴിക്കോട്: കരിപ്പൂർ പൊലീസ് സ്റ്റേഷനിലെ 8 പവനോളം വരുന്ന തൊണ്ടി മുതൽ മോഷ്ടിച്ച സംഭവത്തിൽ സർക്കിൾ ഇൻസ്പെക്റ്റർക്ക് സസ്പെൻഷൻ. എഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിനാണ് നടപടി. പലപ്പോഴായി കരളഞ്ഞു കിട്ടിയതും കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കണ്ടെത്തിയതുമായ എട്ട് പവനോളം വരുന്ന സ്വർണമാണ് സ്റ്റേഷനിൽ നിന്ന് മോഷ്ടിക്കപ്പെട്ടത്.
10 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണം തിരികെ നൽകി നടപടി ഒഴിവാക്കാനായി സിഐ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല.
അബദ്ധവശാൽ സ്വർണം തന്‍റെ കൈയിൽ പെട്ടു പോയതാണെന്നും പിന്നീട് അതു തിരിച്ചു വയ്ക്കാൻ മറന്നു പോയെന്നുമാണ് ഇയാൾ വിശദീകരണം നൽകിയത്. വിഷയത്തിൽ കൊണ്ടോട്ടി എഎസ്പിയാണ് റിപ്പോർട്ട് നൽകിയത്. കൂടുതൽ അന്വേഷണത്തിന് മലപ്പുറം ഡിവൈഎസ്പിയെ നിയോഗിച്ചിട്ടുണ്ട്.