കശ്മീരിൽ സിഐഎസ്എഫ് ജവാന്‍റെ വെടിവയ്പ്; സഹപ്രവർത്തകരായ നാല് പേർ കൊല്ലപ്പെട്ടു
representative image
ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ സിഐഎസ്എഫ് ജവാൻ നടത്തിയ വെടിവയ്പിൽ അസിസ്റ്റന്‍റ് കമാൻഡന്‍റ് ഉൾപ്പെടെ സഹപ്രവർത്തകരായ നാല് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രി 7.30നാണ് സംഭവം.
ഹിമാചൽ പ്രദേശ് അതിർത്തിക്ക് സമീപം ബസോഹ്ലിയിലെ മഷ്ക ഗ്രാമത്തിലുള്ള സേവ-III ജലവൈദ്യുത പദ്ധതിയുടെ സുരക്ഷാചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. അസിസ്റ്റന്‍റ് കമാൻഡന്‍റ് അങ്കിത് കുമാർ പാണ്ഡെ, സബ് ഇൻസ്പെക്റ്റർ ലക്ഷ്മൺ സിങ്, കോൺസ്റ്റബിൾമാരായ റഫീഖ് അഹമ്മദ്, സന്ദീപ് കുമാർ എന്നിവരാണ് മരിച്ചത്. ഹെഡ് കോൺസ്റ്റബിൾ അഭിദേഷ് കുമാർ ആണ് വെടിവയ്പ് നടത്തിയത്.
സഹപ്രവർത്തകരുമായി ഉണ്ടായ തർക്കത്തെ തുടർന്ന് അഭിദേഷ് കുമാർ സർവീസ് റൈഫിൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. വെടിവയ്പിൽ ഗുരുതരമായി പരുക്കേറ്റ നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ ഉടൻ സമീപത്തെ എൻഎച്ച്പിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
വെടിവയ്പിന് പിന്നാലെ സഹപ്രവർത്തകർ ചേർന്ന് പ്രതിയെ കീഴടക്കി. തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. വെടിവയ്ക്കാൻ ഉപയോഗിച്ച തോക്കും പിടിച്ചെടുത്തു.
സംഭവസ്ഥലത്തേക്ക് മുതിർന്ന സിഐഎസ്എഫ്, പൊലീസ് ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. തർക്കത്തിലേക്ക് നയിച്ച സാഹചര്യങ്ങളും തുടർന്ന് വെടിവയ്പ് ഉണ്ടായതിന്‍റെ കാരണങ്ങളും പരിശോധിച്ചുവരികയാണെന്ന് അധികൃതർ പറഞ്ഞു.