ടി.ജി. മോഹൻദാസ്

 
Crime

'കർഫ്യൂ' മോഹൻദാസിനെതിരേ പൊലീസ് മേധാവിക്ക് പരാതി

ജന്തർ മന്ദറിൽ കർഫ്യൂ പ്രഖ്യാപിച്ച്, സമരം ചെയ്യുന്ന വിദ്യാർഥികളെ വെടിവച്ചു കൊല്ലണമായിരുന്നു എന്നും, ബലാത്സംഗം ഇഷ്ടപ്പെടുന്ന പെൺകുട്ടികളാണ് അവിടെ വന്നതെന്നും ഇയാൾ പറഞ്ഞിരുന്നു

Thiruvananthapuram Bureau

തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികൾക്കും സ്ത്രീകൾക്കുമെതിരേ സമൂഹ മാധ്യമത്തിലൂടെ വിവാദ പരാമർശങ്ങൾ നടത്തിയ ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിനെതിരേ വിവിധ യുവജന- വിദ്യാർഥി സംഘടനകൾ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. യൂത്ത് കോൺഗ്രസ്, എഐവൈഎഫ്, എസ്എഫ്ഐ, എഐഎസ്എഫ് എന്നീ സംഘടനകളാണ് ഇയാൾക്കെതിരേ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാന്‍റെ രാജിയിലേക്ക് നയിച്ച 35 ദിവസം നീണ്ട വിദ്യാർഥി സമരത്തെക്കുറിച്ചുള്ള വിഡിയൊയിലാണ് ഇയാൾ വിവാദ പരാമർശം നടത്തിയത്. തനിക്കായിരുന്നു അധികാരമെങ്കിൽ സമരസ്ഥലത്ത് കർഫ്യൂ പ്രഖ്യാപിച്ച് വിദ്യാർഥികളെ വെടിവച്ച് കൊല്ലുമെന്നും, നാല് മണിക്കൂർ കൊണ്ട് ശവങ്ങൾ ആശുപത്രിയിലെത്തിച്ച് രംഗം ശാന്തമാക്കുമെന്നുമായിരുന്നു വാചാടോപം.

കൂടാതെ, സമരത്തിൽ പങ്കെടുത്ത പെൺകുട്ടികളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട്, "അവിടെയുള്ളവർ ബലാത്സംഗം ഇഷ്ടപ്പെടുന്ന ടീമാണ്" എന്നും, പൊലീസിനെ മാറ്റിയാൽ അവിടെ കൂട്ടബലാത്സംഗം നടക്കുമെന്നുമുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങളാണ് നടത്തിയതെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശങ്ങളെ വെല്ലുവിളിക്കുന്നതാണ് ഈ കൊലവെറി പ്രസംഗമെന്ന് എസ്എഫ്ഐയും യൂത്ത് കോൺഗ്രസും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

സമൂഹത്തിൽ ഭീതിയും വിദ്വേഷവും പടർത്താൻ ശ്രമിച്ച ഇയാളെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വിദ്യാർത്ഥി-യുവജന സംഘടനകൾ ആവശ്യപ്പെട്ടു. മോഹൻദാസിന്‍റെ പ്രസ്താവന ഒരു വ്യക്തിയുടെ വൈകാരിക പ്രകടനമല്ലെന്നും, നവോത്ഥാന മൂല്യങ്ങളെയും ഭരണഘടനയെയും നിരാകരിക്കുന്ന പ്രതിലോമ പ്രത്യയശാസ്ത്രത്തിന്‍റെ യഥാർത്ഥ മുഖമാണെന്നും എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടിവ് ആരോപിച്ചു.

സമൂഹത്തിൽ വലിയ ജനരോഷം ഉയർന്ന പശ്ചാത്തലത്തിൽ സൈബർ പൊലീസ് ഇയാളുടെ വീഡിയോകൾ പരിശോധിച്ചു വരികയാണെന്നും കേസെടുക്കുമെന്നുമാണ് വിവരം.

കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

കാർഗോ ഏരിയയിൽ പുക; ദുബായ്-മുംബൈ ഇൻഡിഗോ വിമാനത്തിന് രാജ്കോട്ടിൽ അടിയന്തര ലാൻഡിങ്

അടിമാലിയിലെ മണ്ണിടിച്ചിൽ ദുരന്തം; ഓണത്തിന് മുൻപായി 10 ലക്ഷം വീതം നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി

ലഹരിക്കെതിരേ വിദ്യാർഥികൾക്കൊപ്പം സൂംബ ഡാൻസ്, പിന്നാലെ അറസ്റ്റ്; അധ്യാപികമാർക്ക് പിന്നിൽ വൻ ലഹരി മാഫിയ

കുണ്ടറയിൽ പൊലീസ് കസ്റ്റഡിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവം; ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര വകുപ്പ്