സുഹൈൽ ഷാജഹാൻ

 
Crime

വ‍്യാജ വാർത്ത നൽകുമെന്ന് ഭീഷണിപ്പെടുത്തി ഡോക്റ്ററിൽ നിന്നും തട്ടിയത് 10 ലക്ഷം; ഡിസിസി അംഗം അറസ്റ്റിൽ

ഡിസിസി അംഗം സുഹൈൽ ഷാജഹാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

MV Desk

തിരുവനന്തപുരം: ഡോക്റ്ററിൽ നിന്നും 10 ലക്ഷം തട്ടിയെന്ന കേസിൽ ഡിസിസി അംഗം സുഹൈൽ ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോ. സാബൈൻ ശിവദാസന്‍റെ പരാതിയിൽ പേട്ട പൊലീസിന്‍റേതാണ് നടപടി. എകെജി സെന്‍റർ ആക്രമണക്കേസിലെ പ്രതിയാണ് അറസ്റ്റിലായ സുഹൈൽ. ആശുപത്രിക്കെതിരേ വ‍്യാജ വാർത്ത ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഇയാൾ പണം തട്ടിയത്.

പണം വാങ്ങാൻ സ്വകാര‍്യ ആശുപത്രിയിലെത്തിയപ്പോഴായിരുന്നു ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അടുത്തിടെ കൊച്ചിയിൽ കാപ്പാ കേസ് പ്രതികളെ സംഘടിപ്പിച്ച് തൂഫാൻ യോഗം നടത്തിയതിന് പിന്നിൽ സുഹൈലായിരുന്നു.

യോഗത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ പങ്കെടുത്തത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. കഞ്ചാവ് കടത്തിയ കേസിൽ പിടിയിലായ ബിലാൽ, വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രമിനൽ കേസുകളുള്ള റിയാസ് എന്നിവർ അടക്കമുള്ളവരാണ് തൂഫാൻ യോഗത്തിൽ കെ. സുധാകരനൊപ്പം വേദി പങ്കിട്ടത്.