ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; കർണാടകയിൽ കർഷകന് 1.31 കോടി രൂപ നഷ്ടമായി
മംഗളൂരു: പഹൽഗാം ഭീകരാക്രമണ കേസിലെ പ്രതിക്ക് പണം കൈമാറിയെന്ന് ആരോപിച്ച് മുംബൈ പൊലീസിന്‍റെയും ഭീകരവിരുദ്ധ സേനയുടെയും (എടിഎസ്) ഉദ്യോഗസ്ഥരെന്ന വ്യാജേന സൈബർ തട്ടിപ്പുകാർ നടത്തിയ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ കർണാടകയിലെ കർഷകന് 1.31 കോടി രൂപ നഷ്ടമായി. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ താലൂക്കിലുള്ള 62കാരനാണ് തട്ടിപ്പിനിരയായത്. തിങ്കളാഴ്ചയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.
സെപ്റ്റംബർ രണ്ട് മുതൽ ഒക്റ്റോബർ ആറ് വരെ കർഷകനെ ഡിജിറ്റൽ അറസ്റ്റിലാക്കി തട്ടിപ്പുകാർ പണം കൈക്കലാക്കുകയായിരുന്നു. വാട്സാപ്പ് വീഡിയോ കോളുകളിലൂടെയായിരുന്നു ഭീഷണി. ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാനും പണത്തിന്‍റെ ഉറവിടം നിയമാനുസൃതമാണെന്ന് സ്ഥിരീകരിക്കാനും പണം കൈമാറണമെന്ന് ഇവർ ആവശ്യപ്പെട്ടു. തട്ടിപ്പുകാരുടെ വാക്കുകൾ വിശ്വസിച്ച കർഷകൻ അവർ നിർദേശിച്ച വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ആർടിജിഎസ് വഴി ആകെ 1,31,50,000 രൂപ കൈമാറിയതായി പൊലീസ് പറഞ്ഞു.
പിന്നീട് തട്ടിപ്പിനിരയായെന്ന് തിരിച്ചറിഞ്ഞതോടെ ദേശീയ സൈബർ കുറ്റകൃത്യ ഹെൽപ്‌ലൈൻ നമ്പറായ 1930ൽ ബന്ധപ്പെടുകയും പരാതി നൽകുകയും ചെയ്തു. സംഭവത്തിൽ ദക്ഷിണ കന്നഡ സൈബർ ക്രൈം പൊലീസ് വിവരസാങ്കേതിക നിയമത്തിലെയും ഭാരതീയ ന്യായ സംഹിതയിലെയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.