കൊല്ലപ്പെട്ട പരമ്ജിത് ധൻഖർ (ഇടത്), പ്രതി മോനു ശർമ (വലത്)

 
Crime

പാർക്കിങ്ങിനെച്ചൊല്ലി തർക്കം; സിംഗപ്പൂരിൽ നിന്ന് എത്തിയ മുതിർന്ന ബിസിനസ് എക്സിക്യുട്ടീവ് 9 തവണ വെടിയേറ്റ് കൊല്ലപ്പെട്ടു

വാക്ക്‌തർക്കം രൂക്ഷമായതോടെ പ്രതി ലൈസൻസുള്ള തോക്കുമായി എത്തി വെടിയുതിർക്കുകയായിരുന്നു

Sarath Nath MS

ഫരീദാബാദ്: സിംഗപ്പൂരിൽ ജോലി ചെയ്തിരുന്ന മുതിർന്ന ടെക് ബിസിനസ് എക്സിക്യുട്ടീവിനെ അയൽവാസി വെടിവച്ചുകൊന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ഫരീദാബാദിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഹിസാർ സ്വദേശിയായ പരമ്ജിത് ധൻഖർ ആണ് കൊല്ലപ്പെട്ടത്. മോഹൻ എന്ന മോനു ശർമയാണ് അറസ്റ്റിലായത്. മുൻപ് ടെക് മഹീന്ദ്രയിൽ പ്രവർത്തിച്ചിരുന്ന പരമ്ജിത് നിലവിൽ മറ്റൊരു കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. അനന്തരവന്‍റെ വിവാഹത്തിൽ പങ്കെടുക്കാനായി രണ്ട് ദിവസം മുൻപാണ് സിംഗപ്പൂരിൽ നിന്ന് ഫരീദാബാദിലെ വീട്ടിലെത്തിയത്. നവംബർ 24നാണ് വിവാഹം നിശ്ചയിച്ചിരുന്നത്.

വെള്ളിയാഴ്ച രാത്രി എട്ടോടെ ജിമ്മിൽ നിന്ന് മടങ്ങിയെത്തിയ പരമ്ജിത് തന്‍റെ പാർക്കിങ് സ്ഥലത്ത് അയൽവാസിയായ മോനു ശർമയുടെ കാർ കണ്ടു. വാഹനം മാറ്റാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ ലൈസൻസുള്ള തോക്കുമായി എത്തിയ മോനു വെടിയുതിർക്കുകയായിരുന്നു. 15 റൗണ്ടോളം വെടിയുതിർത്തതായും ഒൻപത് വെടിയുണ്ടകൾ പരമ്ജിത്തിന്‍റെ ശരീരത്തിൽ തറച്ചതായും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തുവച്ചുതന്നെ പരമ്ജിത് മരിച്ചു.

കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് പ്രതിയായ മോനു ശർമ താമസിച്ചിരുന്നത്. പരമ്ജിത് ഒന്നാം നിലയിലാണ് ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം താമസിച്ചിരുന്നത്. ഇരുകുടുംബങ്ങളും തമ്മിൽ ദിവസങ്ങളായി തർക്കം നിലനിന്നിരുന്നതായി അന്വേഷണത്തിൽ വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ മകൻ വളർത്തുനായയെ പാർക്കിങ് ഏരിയയിൽ വിസർജ്യത്തിനായി കൊണ്ടുവരുന്നതിനെ പരമ്ജിത്തിന്‍റെ മകൻ സൂര്യ പലതവണ എതിർത്തിരുന്നു. ഇതേച്ചൊല്ലി നാലോ അഞ്ചോ ദിവസം മുൻപും ഇരുകുടുംബങ്ങളും തമ്മിൽ തർക്കമുണ്ടായി. ഫൊറൻസിക് സംഘവും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പരമ്ജിത്തിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.