പ്രതീകാത്മക ചിത്രം
ബെംഗളൂരു: അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിനെ പിടികൂടി ബെംഗളൂരു പൊലീസ്. ഇവരിൽ നിന്ന് 60.86 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. അഞ്ചു വിദേശികളടക്കം എട്ടു പേരെ അറസ്റ്റു ചെയ്തു.
29 കിലോഗ്രാം എംഡിഎംഎ, 20 ഗ്രാം കൊക്കെയ്ൻ, 1000 എക്സ്റ്റസി ഗുളികകൾ എന്നിവയാണ് പിടികൂടിയത്. നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായ വിദേശികൾ. ആന്‍റി നാർകോട്ടിക് വിങ്, ഹെബ്ബാൾ പൊലീസ്, ഗിരിനഗർ പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിലാണ് മയക്കുമരുന്ന് റാക്കറ്റ് പിടിയിലായത്. കഴിഞ്ഞ രണ്ടാഴ്ചയായി പൊലീസിന്‍റെ അഞ്ചു പ്രത്യേക സംഘങ്ങൾ റാക്കറ്റിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഡൽഹിയിൽ നിന്ന് എത്തിക്കുന്ന മയക്കുമരുന്ന് പ്രാദേശിക വിൽപ്പനക്കാർ വഴി ബെംഗളൂരുവിൽ വിതരണം ചെയ്യുകയായിരുന്നു ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
2026ൽ ഇതുവരെ 2936 മയക്കുമരുന്ന് കേസുകളാണ് ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്തത്. 3840 പേരെ അറസ്റ്റു ചെയ്തു. ഇവരിൽ 37 പേർ വിദേശികളാണ്. ഇക്കാലയളവിൽ 322 കോടി രൂപ വിലമതിക്കുന്ന 1415 കിലോഗ്രാം മയക്കുമരുന്നാണ് പിടിച്ചെടുത്തത്.