അങ്കമാലിയിൽ ബംഗാൾ സ്വദേശിയിൽ നിന്ന് എട്ട് കിലോ കഞ്ചാവ് പിടികൂടി
representative image
കൊച്ചി: അങ്കമാലിയിൽ എട്ട് കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ എറണാകുളം റൂറൽ പൊലീസിന്‍റെ ഡാൻസാഫ് സംഘമാണ് അങ്കമാലി ബസ് സ്റ്റാൻഡിൽ വച്ച് കഞ്ചാവ് പിടികൂടിയത്.
ബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ ജോനൽ അബീദ് ആണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്നുള്ള ബസിലാണ് ഇയാൾ എത്തിയത്. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടികൂടിയത്. ഒഡിശയിൽ നിന്നാണ് പ്രതി കഞ്ചാവ് വാങ്ങിയത്. തുടർന്ന് ബെംഗളൂരുവിൽ എത്തി അവിടെ നിന്ന് ബസിൽ കൊച്ചിയിലേക്ക് വരികയായിരുന്നു. പെരുമ്പാവൂരിൽ വിൽപനയ്ക്കായി എത്തിച്ചതാണ് കഞ്ചാവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അങ്കമാലി പൊലീസ് കേസെടുത്തു.