രാത്രി കരഞ്ഞതിന് എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി

 
Crime

രാത്രി കരഞ്ഞതിന് എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി; മൂന്ന് വർഷത്തിനുശേഷം അമ്മ അറസ്റ്റിൽ

പൊലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് കുഞ്ഞിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്

Sarath Nath MS

പത്തനംതിട്ട: രാത്രി കരഞ്ഞതിനെ തുടർന്ന് എട്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കഴുത്തിൽ അമർത്തി കൊലപ്പെടുത്തി മൃതദേഹം ചതുപ്പിൽ ഉപേക്ഷിച്ച കേസിൽ അമ്മയെ അറസ്റ്റ് ചെയ്തു. സംഭവം നടന്ന് ഏകദേശം മൂന്ന് വർഷത്തിനുശേഷമാണ് പത്തനംതിട്ട സ്വദേശിനിയായ മഞ്ജു (38) അറസ്റ്റിലായത്. കേസിലെ മൂന്നാം പ്രതിയാണ് ഇവർ.

തിരുവല്ല ഡിവൈഎസ്പി പി.ആർ. സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ദീർഘകാല അന്വേഷണത്തിനൊടുവിൽ മഞ്ജുവിനെ അറസ്റ്റ് ചെയ്തത്. 2023 ഓഗസ്റ്റ് 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് വൈകിട്ട് ആറോടെ പുളിക്കീഴ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വാലഞ്ഞവട്ടത്തുള്ള പുല്ലുമൂടിയ ചതുപ്പിൽ നിന്നാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.

2023ൽ ഭർത്താവ് എസക്കിയുമായുള്ള തർക്കത്തെ തുടർന്ന് മഞ്ജു കുഞ്ഞുമായി വീടുവിട്ടിറങ്ങിയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ആലപ്പുഴയിലെത്തി കാളാർകോട് ഒരു കടയ്ക്കു സമീപം ഇരിക്കുമ്പോൾ നാടോടിയായ ശിവൻ എന്നയാൾ ഇരുവരെയും നോക്കിക്കൊള്ളാമെന്ന് വാഗ്ദാനം ചെയ്തു. തുടർന്ന് ശിവനൊപ്പം മഞ്ജു ചങ്ങനാശേരിയിലെത്തി. അവിടെ കടയുടെ വരാന്തയിലാണ് കുഞ്ഞിനൊപ്പം താമസിച്ചിരുന്നത്.

രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞ് കരഞ്ഞതോടെ ശിവൻ പ്രകോപിതനാവുകയും കുഞ്ഞിന്‍റെ കഴുത്തിൽ അമർത്തി കൊലപ്പെടുത്തുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം ഉപേക്ഷിക്കുന്നതിനായി ശിവനും മഞ്ജുവും ഇയാളുടെ അനുജൻ ശക്തിയെ വിളിച്ചുവരുത്തി. ശക്തി കൊണ്ടുവന്ന സ്കൂട്ടറിൽ മൂന്ന് പേരും ചേർന്ന് മൃതദേഹം വാലഞ്ഞവട്ടത്തെ ചതുപ്പിൽ ഉപേക്ഷിച്ചശേഷം മടങ്ങി.

കുഞ്ഞില്ലാതെ മഞ്ജു പാലക്കാട്ടുള്ള തന്‍റെ കോളനിയിൽ തിരിച്ചെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. മീൻകര അണക്കെട്ടിന് സമീപത്തെ ചെമ്മനത്തോട് പട്ടികവർഗ കോളനി സ്വദേശിനിയായ മഞ്ജു അവിടെ കോളനി പ്രമോട്ടറായും ജോലി ചെയ്തിരുന്നു. കുഞ്ഞിനെ കാണാത്തതിനെക്കുറിച്ച് കോളനി പ്രമോട്ടർ ചോദിച്ചപ്പോൾ മഞ്ജുവിന് വ്യക്തമായ മറുപടി നൽകാനായില്ല. തുടർന്ന് മീനാക്ഷിപുരം പൊലീസിനെ വിവരം അറിയിച്ചു.

പൊലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് കുഞ്ഞിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്. മീനാക്ഷിപുരം പൊലീസ് സ്റ്റേഷനിൽ ചോദ്യംചെയ്യുന്നതിനിടെ മഞ്ജു കുറ്റസമ്മതം നടത്തിയതായും റിപ്പോർട്ടുണ്ട്. പിന്നീട് പ്രത്യേക പൊലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യംചെയ്യലിനായി പുളിക്കീഴ് പൊലീസ് സ്റ്റേഷനിലെത്തിച്ചു.

കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവനെയും ശക്തിയെയും കണ്ടെത്താൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദിന്‍റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി. കോടതിയിൽ ഹാജരാക്കിയ മഞ്ജുവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.