ചാരവൃത്തി; ബംഗാളിൽ പാക് പൗരൻ അറസ്റ്റിൽ
കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വടക്കന്‍ 24 പര്‍ഗാനാസ് ജില്ലയിലെ ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപം ബുധനാഴ്ച പാക്കിസ്ഥാന്‍ പൗരനെന്നു സംശയിക്കുന്ന ഒരാളെ പശ്ചിമ ബംഗാള്‍ പൊലീസിന്‍റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരേ ചാരവൃത്തിക്കുറ്റം ചുമത്തിയതായിട്ടാണ് റിപ്പോര്‍ട്ട്.
റാണ റൗഫ് ഖാലിദിനെയാണ് (വഹാബ് ആലം) അറസ്റ്റ് ചെയ്തത്. ബൊംഗോണ്‍-ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപത്തുനിന്നാണ് ഇയാളെ എസ്ടിഎഫ് അറസ്റ്റ് ചെയ്തത്. ഈ മാസം 26 വരെ ബരാസത്ത് കോടതി ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
2012ല്‍ നേപ്പാള്‍ വഴിയാണ് ഖാലിദ് ഇന്ത്യയില്‍ പ്രവേശിച്ചതെന്നും, അന്നുമുതല്‍ ഇന്ത്യന്‍ കരസേനാ-റെയില്‍വേ ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍ ഇയാള്‍ നിരീക്ഷിച്ചുവരികയായിരുന്നെന്നും എസ്ടിഎഫ് അഭിഭാഷകര്‍ ബരാസത്ത് കോടതിയെ അറിയിച്ചു. ഇന്ത്യന്‍ സൈന്യത്തിന്‍റെയും ഇന്ത്യന്‍ റെയില്‍വേയുടെയും നീക്കങ്ങളെ കുറിച്ചുള്ള അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ പാക്കിസ്ഥാന്‍റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐക്ക് ഖാലിദ് കൈമാറിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്. പിടിയിലാകുന്നതിന് മുന്‍പ് പ്രതി മൊബൈല്‍ ഫോണുകളില്‍ നിന്ന് ചില വിവരങ്ങള്‍ നീക്കം ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഈ മാസം 11ന് രാത്രി കോല്‍ക്കത്തയിലെ ടോപ്സിയയില്‍ നിന്ന് രണ്ടാമതൊരാളെ കൂടി അറസ്റ്റ് ചെയ്തു. ഇയാള്‍ ഖാലിദുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നതായും പലവിധത്തില്‍ ഖാലിദിനെ സഹായിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. ഇയാളുടെ പങ്കിന്‍റെ വ്യാപ്തിയും ഈ ശൃംഖലയില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും സ്ഥിരീകരിക്കുന്നതിനുള്ള ചോദ്യം ചെയ്യല്‍ തുടരുന്നതിനാല്‍, ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.