മുഹമ്മദ് റഫീഖ്
ആലുവ: വ്യാജ നിക്ഷേപ സ്കീമുകളുടെ മറവിൽ ഉയർന്ന ലാഭം വാഗ്ദാനം ചെയ്തു സംസ്ഥാന വ്യാപകമായി നിക്ഷേപകരിൽനിന്നും കോടികൾ തട്ടിയ തൃശൂർ വടക്കാഞ്ചേരി സ്വദേശി അരംഗത്തുപറമ്പിൽ വീട്ടിൽ അബുബക്കർ മകൻ മുഹമ്മദ് റഫീഖ് പാലാരിവട്ടം പൊലീസിന്റെ കസ്റ്റഡിയിൽ. പാലാരിവട്ടം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്രൈം 143 / 2026 നമ്പർ കേസിൽ പൊലീസ് പുറപ്പെടിവിച്ച ലുക്കൗട്ട് നോട്ടീസിലാണ് ഒളിവിലായിരുന്ന പ്രതി റഫീഖ് നവംബർ 12ന് പുലർച്ച നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലാവുന്നത്.
പ്രതിയായ റഫീഖും, ഇയാളുടെ പിതാവായ അബുബക്കർ എ.എച്ച്, ഭാര്യ റൂബിയ കേപ്തി, സഹോദരനും പള്ളിച്ചട്ടമ്പി സിനിമയുടെ പ്രൊഡ്യൂസറുമായ ബ്രിജേഷ്, സുഹൃത്തുക്കളും പങ്കാളികളുമായ തേലപ്പള്ളിലിൽ വീട്ടിൽ മുഹമ്മദ്ക്കുട്ടി മകൻ അഹമ്മദ് റഷീദ്, മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഫിനാസ് നഹ, നെടുംബ്രക്കേട് കുന്നത് വീട്ടിൽ ബാലകൃഷ്ണൻ മകൻ ഗോപികൃഷ്ണൻ എന്നിവർക്കെതിരേ നിരവധി പരാതികൾ പല സ്റ്റേഷനുകളിൽ നിലവിലുണ്ട്.
മേൽ പറഞ്ഞ പ്രതികൾക്കെതിരേ തൃശൂർ സ്വദേശിയായ സാജിദ് ഖാദർമോൻ നൽകിയ പരാതിയിന്മേൽ പാലാരിവട്ടത്തെ പൊലീസ് എഫ്ഐആർ 799 / 2026 രജിസ്റ്റർ ചെയ്തിട്ടുള്ളതും, ആയതിൽ പൊലീസ് അന്വേഷണം നടത്തിവരുകയാണ്. പരാതിക്കാരായ നിക്ഷേപകരുടെ നിക്ഷേപങ്ങൾ പ്രതികൾ അവരുടെ തല്പര സ്ഥാപനങ്ങളിലേക്ക് വ്യാജരേഖകൾ ചമച്ചു വകമാറ്റി നിക്ഷേപകരെ വഞ്ചിച്ചു എന്നതാണ് പ്രതികൾക്കെതിരായ കേസ്. പ്രതികൾ വിദേശത്തും ഇന്ത്യയിലുമായി നിക്ഷേപകരുടെ ഏകദേശം അമ്പതു കോടി രൂപ വഞ്ചിച്ചുള്ളതായാണ് അറിവ്.