നിധി വാഗ്ദാനം ചെയ്ത് ഒരുകോടി തട്ടി; നാല് പേർ അറസ്റ്റിൽ

 
rawpixel.com
Crime

നിധി വാഗ്ദാനം ചെയ്ത് ഒരുകോടി തട്ടി; നാല് പേർ അറസ്റ്റിൽ

വീടുകൾക്കടിയിൽ കുഴിച്ചിട്ടിരിക്കുന്ന നിധി കണ്ടെത്താനുള്ള കഴിവുണ്ടെന്ന് അവകാശപ്പെട്ടാണ് സംഘം ആളുകളെ സമീപിച്ചിരുന്നത്

Sarath Nath MS

ഹൈദരാബാദ്: വീടുകളുടെ അടിയിൽ കുഴിച്ചിട്ടിരിക്കുന്ന നിധി കണ്ടെത്തിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് ഏകദേശം ഒരു കോടി രൂപ തട്ടിയെടുത്ത സംഘത്തിലെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലാണ് സംഭവം.

വീടുകൾക്കടിയിൽ കുഴിച്ചിട്ടിരിക്കുന്ന നിധി കണ്ടെത്താനുള്ള കഴിവുണ്ടെന്ന് അവകാശപ്പെട്ടാണ് സംഘം ആളുകളെ സമീപിച്ചിരുന്നത്. തുടർന്ന് സ്ഥലത്ത് കുഴിയെടുത്ത ശേഷം കൽക്കരി നിറച്ച ചാക്കും സ്വർണം പൂശിയ വ്യാജ നാണയങ്ങളും കുഴിയിൽ വയ്ക്കും. തുടർന്ന് കൽക്കരി സ്വർണമായി മാറാൻ കുറച്ച് സമയമെടുക്കുമെന്ന് പറഞ്ഞ് പണവുമായി മുങ്ങുന്നതായിരുന്നു പ്രതികളുടെ രീതി. ഇത്തരത്തിൽ വിവിധ പ്രദേശങ്ങളിൽ നിന്ന് 11 പേരിൽ നിന്ന് ഇവർ ഒരുകോടിയോളം രൂപയാണ് തട്ടിയെടുത്തത്.

പ്രതികളിൽ നിന്ന് രണ്ട് നാലുചക്ര വാഹനങ്ങൾ, ഒരു ഓട്ടോറിക്ഷ, രണ്ട് ഇരുചക്ര വാഹനങ്ങൾ, നാല് മൊബൈൽ ഫോണുകൾ, 25 വ്യാജ സ്വർണ നാണയങ്ങൾ, ആറ് കിലോ കൽക്കരി എന്നിവ പിടിച്ചെടുത്തു. സംഭവത്തിൽ രാജേന്ദ്ര നഗർ പൊലീസ് കേസെടുത്തു.