ലോറൻസ് ബിഷ്ണോയി

 
Crime

സോഷ‍്യൽ മീഡിയയെ ആയുധമാക്കിയ അധോലോക കുറ്റവാളി; ലോറൻസ് ബിഷ്ണോയിയുടെ സാമ്രാജ‍്യം

2008-2010 കാലഘട്ടത്തിൽ പഞ്ചാബ് സർവകലാശാല ക‍ോളെജിലെ സുഹൃത്തുക്കളുമായി ചേർന്നാണ് ബിഷ്ണോയി അധോലോക സംഘത്തിന് തുടക്കമിട്ടത്

Aswin AM

അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ അത്രയും സൗന്ദര‍്യം ഇന്ത‍്യയിലെ ഒരു നടനും ഇല്ലെന്നായിരുന്നു ഒരിക്കൽ ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ പറഞ്ഞത്. സംവിധായകൻ പറഞ്ഞതിൽ കാര‍്യമുണ്ടെങ്കിലും അയാളുടെ കൈയിലിരുപ്പ് അത്ര സുന്ദരമായിരുന്നില്ല.

കഴിഞ്ഞ ദിവസം മുംബൈയിൽ വച്ച് ബോളിവുഡ് താരം ടൈഗർ ഷ്രോഫിനു നേരെയുണ്ടായ വധശ്രമത്തിന്‍റെ ഉത്തരവാദിത്വം ബിഷ്ണോയി സംഘം ഏറ്റെടുത്തതോടെ മാധ‍്യമങ്ങളിൽ വീണ്ടും ലോറൻസ് ബിഷ്ണോയിയുടെ പേര് നിറഞ്ഞു നിൽക്കുകയാണ്. മുംബൈയിലെ സിനിമാമേഖലയിലുള്ളവർ സൽമാൻ ഖാനുമായി ചേർന്ന് പ്രവർത്തിച്ചാൽ അവരായിരിക്കും അടുത്ത ഇരകളെന്ന് പരസ‍്യ ഭീഷണിയുമെത്തിയിരുന്നു.

ലോറൻസ് ബിഷ്ണോയി

ടൈഗർ ഷ്രോഫിന് നേരെയുണ്ടായ ആക്രമണവും സിദ്ധു മൂസേവാലയുടെയും ബാബ സിദ്ദിഖിയുടെയും കൊലപാതകങ്ങളും വരെ എത്തിനിൽക്കുന്ന ബിഷ്ണോയി സംഘത്തിന്‍റെ യഥാർഥ വികൃതമുഖം പരിശോധിക്കുമ്പോൾ തെളിയുന്നത് വിദ്യാർഥി രാഷ്ട്രീയത്തിൽ നിന്ന് തുടങ്ങി അന്താരാഷ്ട്ര കുറ്റകൃത്യങ്ങളിൽ വരെ എത്തിനിൽക്കുന്ന ഒരു ഭീകരന്‍റെ വളർച്ചയുടെ ചിത്രമാണ്.

1993 ഫെബ്രുവരി 12ന് പഞ്ചാബിലെ ദുതാരവാലി ഗ്രാമത്തിൽ ലവീന്ദർ സിങ്- സുനിത ദമ്പതികൾക്ക് ഒരു ആൺകുഞ്ഞ് പിറന്നു. പാശ്ചാത്ത‍്യ പേരുകളോട് താത്പര‍്യമുണ്ടായിരുന്നതിനാൽ ആദ‍്യ പുത്രന് ഇരുവരും ലോറൻസ് എന്ന് പേരിട്ടു. എന്നാൽ വർഷങ്ങൾക്കിപ്പുറം പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്നും നിയമബിരുദം പൂർത്തിയാക്കിയ ആ കുട്ടി അന്താരാഷ്ട്ര കുറ്റവാളിയാകുമെന്ന് ആരും കരുതിയിരുന്നില്ല. 110 ഏക്കർ ഭൂസ്വത്തുണ്ടായിരുന്ന അതി സമ്പന്ന കുടുംബത്തിലാണ് ലോറൻസ് ബിഷ്ണോയി ജനിച്ചത്. ബിഷ്ണോയിയുടെ പിതാവ് ലവീന്ദർ സിങ്ങിന് ഹരിയാന പൊലീസിലായിരുന്നു ജോലി. തുടർന്ന് ജോലി ഉപേക്ഷിച്ച് അദ്ദേഹം കൃഷിയിലേക്ക് തിരിഞ്ഞു.

വെളുത്ത തുടുത്ത നിറം കാരണം കുട്ടിക്കാലത്ത് മിൽക്കി എന്ന ഓമനപ്പേരിലാണ് ബിഷ്ണോയി അറിയപ്പെട്ടിരുന്നത്. മാന‍്യമായി പെരുമാറുന്ന ആളുകളോട് പെട്ടെന്ന് സൗഹൃദം സ്ഥാപിക്കാൻ സാധിക്കുന്ന ഒരു ചെറുപ്പക്കാരനായാണ് ദുതാരവാലി ഗ്രാമനിവാസികൾ ഇന്നും ബിഷ്ണോയിയെ ഓർത്തെടുക്കുന്നത്.

കുട്ടിക്കാലം മുതൽ കായികമേഖലയിൽ അതിയായ താത്പര‍്യമുണ്ടായിരുന്ന ലോറൻസ് കോളെജ് പഠന കാലത്ത് ഗുസ്തി പരിശീലിച്ചിരുന്നു. 2008-2009 കാലഘട്ടത്തിൽ കോളെജ് രാഷ്ട്രീയത്തിൽ ആകൃഷ്ടനായതിനു പിന്നാലെ പഞ്ചാബ് സർവകലാശാലയുടെ മുഖമായിരുന്ന വിദ‍്യാർഥി സംഘടനയായ സ്റ്റുഡന്‍റ്സ് ഓർഗനൈസേഷൻ ഓഫ് പഞ്ചാബ് യൂണിവേഴ്സിറ്റി ( എസ്‌ഒപിയു) യുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി. കോളെജ് തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇത് എതിർപാർട്ടികളുമായുള്ള ശത്രുതയ്ക്ക് കാരണമായി. പിന്നീട് പിയുഎസ്‌യു സ്ഥാനാർഥിയായിരുന്ന ഉദയ്‌യെ വധിക്കാൻ ശ്രമിച്ചതിന്‍റെ പേരിൽ അറസ്റ്റിലായതിനെത്തുടർന്ന് ബിഷ്ണോയി ജയിലിലായി.

ആയുധ പരിശീലനം നടത്തുന്ന രവി ബിഷ്ണോയി

കോളെജ് പഠനകാലത്തെ രവി ബിഷ്ണോയിയുടെ ചിത്രം

ഗോൾഡി ബ്രാർ

രണ്ടു മാസത്തെ ജയിൽവാസത്തിനിടെ രഞ്ജീത് ഡുപ്ല എന്നയാളെ ബിഷ്ണോയി കണ്ടുമുട്ടി. മുൻപ് യുഎസിൽ താമസിച്ചിരുന്ന ആയുധക്കടത്ത് കേസുമായി ബന്ധപ്പെട്ട് പഞ്ചാബിൽ അറസ്റ്റിലായിരുന്ന ആളായിരുന്നു ഇയാൾ. ബിഷ്ണോയിക്കും അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളായ സമ്പത് നെഹ്റ, കാല ജതേദി എന്നിവർ‌ക്ക് ആയുധങ്ങൾ വാങ്ങാൻ‌ ഡുപ്ല സഹായിച്ചു. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം ബിഷ്ണോയി തനിക്കും സംഘത്തിനും വേണ്ടി ആദ‍്യമായി ഒരു മഹേന്ദ്ര ബൊലേറോ കാർ സ്വന്തമാക്കി.

ഏറെനാളുകൾക്ക് ശേഷം എസ്ഒപിയു പാർട്ടി നേതൃത്വം ഏറ്റെടുത്തുകൊണ്ട് ബിഷ്ണോയി സർവകലാശാലയിലെ വിദ‍്യാർഥി യൂണിയൻ നിയന്ത്രിക്കാൻ തുടങ്ങി. വിദ‍്യാർഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ബിഷ്ണോയി സംഘം മറ്റു സംഘങ്ങളുമായി ഏറ്റുമുട്ടിയിരുന്ന കാലമായിരുന്നു അന്ന്. 2010ലാണ് സർവകലാശാല പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞടുപ്പിലേക്ക് ബിഷ്ണോയി മത്സരിച്ചിരുന്നത്. തെരഞ്ഞെടുപ്പിന് ശേഷം 20-25 ദിവസത്തേക്ക് ബിഷ്ണോയി വീണ്ടും ജയിലിലായി.

അന്ന് ബിഷ്ണോയിക്കെതിരേ മത്സരിച്ച എതിർ സ്ഥാനാർഥിയുടെ കാൽ തല്ലിയൊടിച്ചതിനായിരുന്നു ജയിലിലായത്. അക്കാലത്ത് ബിഷ്ണോയിയുടെ സുഹൃത്ത് ഗോൾഡി ബ്രാർ ഇതേ കേസിൽ അറസ്റ്റിലായിരുന്നു. തങ്ങൾ തിരയുന്ന പ്രധാന കുറ്റവാളികളിൽ ഒരാളാണ് ഇയാളെന്ന് അടുത്തിടെ അമെരിക്കൻ ഫെഡറൽ ഏജൻസിയായ എഫ്ബിഐ പ്രഖ‍്യാപിച്ചിരുന്നു.

പിന്നീട് പഞ്ചാബിലെ മുക്സറിലുള്ള ഒരു സർക്കാർ കോളെജ് തെരഞ്ഞെടുപ്പിൽ ബിഷ്ണോയി തന്‍റെ സ്ഥാനാർഥിയെ മത്സരിപ്പിച്ചിരുന്നു. പിയുഎസ്‌യുവിനു വേണ്ടി അവതാർ എന്നയാളായിരുന്നു എതിർസ്ഥാനത്ത് മത്സരിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിഷ്ണോയിയും ബ്രാറും മറ്റ് നാലുപേരും ചേർന്ന് അവ്താറിനെ വെടിവച്ചു കൊന്നു. അതായിരുന്നു ബിഷ്ണോയി സംഘം നടത്തിയ ആദ‍്യ കൊലപാതകം. 2013ലായിരുന്നു ഇത് സംഭവിച്ചത്.

2000ത്തിന്‍റെ തുടക്കത്തിൽ സ്കൂളിൽ വളർന്നുവരുന്ന കായികതാരമായിരുന്നു താനെന്നും 2008 കാലഘട്ടത്തിൽ‌ സംസ്ഥാനത്ത് നടന്ന ഓപ്പൺ അത്‌ലറ്റിക് ചാംപ‍്യൻഷിപ്പിനായി 1500 മീറ്റർ ഓട്ടമത്സരത്തിനായി പരിശീലനം നടത്തിയിരുന്നുവെന്നും പിന്നീട് പഞ്ചാബ് യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ സ്ഥിരമായി പരിശീലനം നടത്തിയിരുന്നതായും ബിഷ്ണോയി ഡൽഹി പൊലീസിനോട് 2020ൽ ചോദ‍്യം ചെയ്യലിനിടെ വെളിപ്പെടുത്തിയിരുന്നു.

2020ൽ‌ ഡൽഹി പൊലീസ് ലോറൻസ് ബിഷ്ണോയിയെ ചോദ‍്യം ചെയ്ത ശേഷം ഒരു റിപ്പോർട്ട് തയാറാക്കിയിരുന്നു. അന്ന് ഭാവി പദ്ധതിയെ പറ്റിയുള്ള ചോദ‍്യത്തിന് കുറ്റകൃത‍്യങ്ങളുടെ ലോകം വിട്ട് സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു ബിഷ്ണോയിയുടെ മറുപടി. കായികരംഗത്ത് നല്ലത് എന്തെങ്കിലും ചെയ്യണമെന്ന് ബിഷ്ണോയി പറഞ്ഞതായും പറയപ്പെടുന്നു. എന്നാൽ 6 വർഷത്തിന് ശേഷം ബിഷ്ണോയി പറഞ്ഞ കാര‍്യങ്ങൾ തിരിഞ്ഞു നോക്കുമ്പോൾ പൊലീസ് ഉദ‍്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുകയെന്ന ഒറ്റ ലക്ഷ‍്യം മാത്രമെ അയാൾക്കുണ്ടായിരുന്നുള്ളൂയെന്ന് വ‍്യക്തമാണ്.

യഥാർഥത്തിൽ തന്‍റെ അധോലോക സാമ്രാജ‍്യം വിട്ടുപോകാൻ അയാൾക്ക് യാതൊരു ഉദ്ദേശവുമുണ്ടായിരുന്നില്ല. അന്ന് ഡൽഹി പൊലീസിനോട് കള്ളം പറഞ്ഞതിന് ശേഷം ബിഷ്ണോയിയുടെ അധോലോക സംഘം കൂടുതൽ ശക്തമാകുകയാണുണ്ടായത്. 2008-2010 കാലഘട്ടത്തിൽ പഞ്ചാബ് സർവകലാശാല ക‍ോളെജിലെ സുഹൃത്തുക്കളുമായി ചേർന്നാണ് ബിഷ്ണോയി അധോലോക സംഘത്തിന് തുടക്കമിട്ടത്. തുടർന്ന് പഞ്ചാബിൽ നിന്നും ഉത്തരേന്ത‍്യയിലേ വിവിധ സംസ്ഥാനങ്ങളിലേക്ക് തന്‍റെ പ്രവർത്തനങ്ങൾ വ‍്യാപിപ്പിച്ചു.

കഴിഞ്ഞ 6 വർ‌ഷക്കാലം ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ വിവിധ ജയിലുകളിൽ ബിഷ്ണോയി മാറി മാറി കഴിഞ്ഞെങ്കിലും അയാളുടെ കൂട്ടാളികൾ വിദേശത്ത് അധോലോക ശൃംഖല പടുത്തുയർത്തി അവിടെ നിന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു തുടങ്ങി. ബിഷ്ണോയി സംഘം സമീപകാലങ്ങളിൽ നടത്തിയ ആക്രമണങ്ങളുടെ തുടർച്ചയാണ് കഴിഞ്ഞ ദിവസം ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിനു നേരെയുണ്ടായ ആക്രമണം. 2022ൽ പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയുടെ കൊലപാതകം, 2024ൽ മുൻ എംഎൽഎ ബാബ സിദ്ദിഖിയുടെ കൊലപാതകം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

ബിഷ്ണോയി സംഘത്തിന്‍റെ വളർച്ച

2013ന് ശേഷമാണ് ബിഷ്ണോയി സംഘം വളർന്നു പന്തലിച്ചതെന്നാണ് ഉന്നത പൊലീസ് ഉദ‍്യോഗസ്ഥർ അടക്കമുള്ളവർ പറയുന്നത്. തന്‍റെ സ്വാധീനം വളർത്താനും ആളുകളെ സംഘത്തിലേക്ക് തെരഞ്ഞെടുക്കാനും ബിഷ്ണോയി സംഘം സോഷ‍്യൽ മീഡിയയെ കരുവാക്കി. കഴിഞ്ഞ 10 വർഷമായി ബിഷ്ണോയി ജയിലിലാണെങ്കിലും സോഷ‍്യൽ മീഡിയ കാരണം ഇപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് ബിഷ്ണോയി. ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ബിഷ്ണോയിക്കുള്ള ഫാൻ പേജുകളുടെ എണ്ണമൊന്ന് പരിശോധിച്ചാൽ മതി.

തങ്ങൾ ചെയ്ത ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഫെയ്സ്ബുക്കിലൂടെ ഏറ്റെടുത്ത ആദ‍്യത്തെ ക്രമിനൽ സംഘമാണ് ഇവർ. ബിഷ്ണോയി ജയിലിൽ കഴിയുമ്പോഴും ഗോൾഡി ബ്രാർ ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ഉപയോഗിച്ച് ഭീഷണികൾ മുഴക്കുകയും കോടതിയിൽ ഹാജരാകുന്ന സമയത്ത് ലോറൻസ് ബിഷ്ണോയിയുടെ ദൃശ‍്യങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ബോളിവുഡ് നടൻ സൽമാൻ ഖാനെതിരായ നിരന്തര ആക്രമണങ്ങളിലൂടെ ബിഷ്ണോയി സംഘം ഉത്തരേന്ത‍്യയിൽ പ്രത‍്യേകിച്ച് പഞ്ചാബിൽ വളരെയധികം കുപ്രസിദ്ധി നേടി. പൊലീസും രഹസ‍്യാന്വേഷണ വിഭാഗവും ചോദ‍്യം ചെയ്യുമ്പോഴെല്ലാം വ‍്യത‍്യസ്തമായ മുഖമാണ് ഇയാൾ അവർക്കു മുന്നിൽ അവതരിപ്പിച്ചിരുന്നത്.

2023 ആയപ്പോഴേക്കും ബിഷ്ണോയി വലിയ ഗുണ്ടാത്തലവനായി മാറിയിരുന്നു. ആ സമയം ഭഗത് സിങ്ങിനെ ബിഷ്ണോയി ആരാധക പുരുഷനായി സ്വീകരിച്ചു. കോടതിയിൽ ഹാജരായപ്പോൾ ഭഗത് സിങ്ങിന്‍റെ ചിത്രം പതിച്ച ടീ ഷർട്ടാണ് ഇയാൾ ധരിച്ചിരുന്നത്. ആത്മീയമായ ലക്ഷ‍്യം സാധിക്കുന്നതിനായി അരി ഭക്ഷണം കഴിക്കില്ലെന്നു വരെ അന്ന് ബിഷ്ണോയി പറഞ്ഞിരുന്നു. ബിഷ്ണോയി സംഘത്തിന്‍റെ അന്തസിനു വേണ്ടിയും സൽമാൻ ഖാനോട് പ്രതികാരം ചെയ്യാൻ വേണ്ടിയുമാണ് പോരാടുന്നതെന്നാണ് ബിഷ്ണോയി അവകാശപ്പെടുന്നതെങ്കിലും തന്‍റെ ക്രിമിനൽ പ്രവർത്തനങ്ങളെ മറച്ചുവയ്ക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. ഭീഷണിപ്പെടുത്തി പണം തട്ടുകയോ കൊലപാതകൾ ചെയ്ത് പണം സമ്പാദിക്കുകയോ ചെയ്യുന്നതാണ് ഇവരുടെ ജോലിയെന്നും ഒരു പൊലീസ് ഉദ‍്യോഗസ്ഥൻ പറഞ്ഞു. സംഘടിത കുറ്റകൃത‍്യങ്ങൾ മാത്രമല്ല. മറിച്ച് ബിഷ്ണോയിക്കെതിരേ ഭീകരവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങളും പൊലീസും കേന്ദ്ര ഏജൻസികളും ഉന്നയിച്ചിട്ടുണ്ട്.

ബിഷ്ണോയി സംഘവും ഭീകരവാദ പ്രവർത്തനങ്ങളും

ബിഷ്ണോയിക്കെതിരേ അന്വേഷണം നടത്തണമെന്ന് നിർദേശിച്ചുകൊണ്ടുള്ള 2022ലെ ആഭ‍്യന്തര മന്ത്രാലയ ഉത്തരവിൽ മയക്കുമരുന്ന്, ആയുധക്കടത്ത് മുതൽ കൊലപാതകങ്ങൾ വരെയുള്ള വിവിധ കുറ്റകൃത‍്യങ്ങളെ പറ്റി പരാമർശിക്കുന്നുണ്ട്. ഇത്തരം കുറ്റകൃത‍്യങ്ങളിലൂടെ ലഭിക്കുന്ന പണം ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകാനും യുവാക്കളെ തങ്ങളുടെ സംഘത്തിലേക്ക് തെരഞ്ഞെടുക്കാനും ഉപയോഗിച്ചിരുന്നതായും ആ ഉത്തരവിൽ പറയുന്നു.

ഇന്ത‍്യയിലും വിദേശത്തുമായി ബിഷ്ണോയിയും മറ്റു അംഗങ്ങളും ചേർന്ന് ഭീകരപ്രവർത്തനം നടത്താൻ ഗൂഢാലോചന നടത്തിയിരുന്നതായും ഈ ഉത്തരവിൽ പരാമർശമുണ്ട്. ടൈഗർ ഷ്രോഫിനെതിരായുള്ള ആക്രമണകത്തെ ചൂണ്ടിക്കാട്ടി രാജ‍്യത്തെ ജനങ്ങളുടെ മനസിൽ ഭീതി വിതയ്ക്കുക എന്ന ലക്ഷ‍്യത്തോടെ പ്രമുഖ വ‍്യക്തികളെ ലക്ഷ‍്യമിട്ടുള്ള കൊലപാതകങ്ങൾ ഉൾപ്പടെയുള്ള കുറ്റകൃത‍്യങ്ങൾ ആസൂത്രണം ചെയ്യുന്നവരാണ് ഇവരെന്നാണ് പറയുന്നത്.