ഒഡിശയിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ 1.78 കോടി രൂപയുടെ കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

 
Crime

ഒഡിശയിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ 317 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

പിടിച്ചെടുത്ത കാറിൽ നടത്തിയ പരിശോധനയിലാണ് 317 കിലോ കഞ്ചാവ് കണ്ടെത്തിയത്

Sarath Nath MS

ബെംഗളൂരു: ഒഡിശയിൽ നിന്ന് ബെംഗളൂരു വഴി കേരളത്തിലേക്ക് കടത്തുകയായിരുന്ന 317 കിലോ കഞ്ചാവ് കർണാടക പൊലീസ് പിടികൂടി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത കഞ്ചാവിന് 1.78 കോടി രൂപ വിലവരുമെന്നാണ് കണക്ക്.

അറസ്റ്റിലായവരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല. ഒക്റ്റോബർ 12ന് കുമ്പൽഗോഡ് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഒഡിശയിൽ നിന്ന് ബെംഗളൂരു വഴി കേരളത്തിലേക്ക് കാറിൽ വൻതോതിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു നടപടി.

ബെംഗളൂരുവിലെ കാംബിപുരയിലുള്ള ഈദ്ഗാഹ് ഗ്രൗണ്ടിന് സമീപം പൊലീസ് കാർ തടഞ്ഞുനിർത്തി. കേരളത്തിലേക്ക് പോവുകയായിരുന്ന വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു. ഒക്റ്റോബർ ആറിന് കേരളത്തിൽ നിന്ന് ബെംഗളൂരുവിലെത്തിയ പ്രതികൾ ആർടി നഗറിൽ നിന്ന് കാർ വാടകയ്ക്ക് എടുത്ത് ഒഡിശയിലേക്ക് പോവുകയായിരുന്നു. തുടർന്ന് അവിടെ നിന്ന് കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി. കേരളത്തിലെ കുമാരമംഗലത്ത് ഉയർന്ന വിലയ്ക്ക് വിൽക്കുകയായിരുന്നു ലക്ഷ്യം.

ഒക്റ്റോബർ 11ന് ബെംഗളൂരുവിൽ തിരിച്ചെത്തിയ പ്രതികൾ ബൊമ്മസാന്ദ്രയിലെ ഹോട്ടലിൽ രാത്രി തങ്ങിയിരുന്നു. പിടിച്ചെടുത്ത കാറിൽ നടത്തിയ പരിശോധനയിലാണ് 317 കിലോ കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവും വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

ലഹരിമരുന്ന് വാങ്ങുന്നതിനും കടത്തുന്നതിനും പിന്നിലുള്ളവരെയും വിൽപനയ്ക്ക് സഹായിച്ചവരെയും കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. പ്രതികൾക്കെതിരേ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തു.