Crime

ഗോധ്ര ട്രെയിൻ തീവെപ്പ്; ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 8 പ്രതികൾക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി

MV Desk

ന്യൂഡൽഹി: 2002 ലെ ഗോധ്ര ട്രെയിൻ തീവെപ്പ് കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 8 പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി. 17 മുതൽ 18 വർഷം വരെ ജയിലിൽ കഴിഞ്ഞ സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.

കേസിൽ ശിക്ഷിക്കപ്പെട്ട നാല് പ്രതികളുടെ ജാമ്യാപേക്ഷ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് 8 പേർക്ക് ജാമ്യം അനുവദിച്ചത്. കേസിൽ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും ഹൈക്കോടതി ജീവപര്യന്തമായി ഇളവ് ചെയ്തിരുന്നു.11 പ്രതികൾക്ക് വധശിക്ഷ വിധിച്ചപ്പോൾ മറ്റ് 20 പേരെയാണ് വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

2002 ഫെബ്രുവരി 27 ന് ഉണ്ടായ ഗുജറാത്ത് കലാപത്തിന്‍റെ ഭാഗമായാണ് ഗോധ്രയിൽ ട്രെയിനിന് തീവെച്ചത്. സബർമതി എക്സ്പ്രസിന്‍റെ എസ്-6 കോച്ച് കത്തിച്ച സംഭവത്തിൽ 59 പേരാണ് കൊല്ലപ്പെട്ടത്. കലാപത്തിന്‍റെ ഭാഗമായി നടന്ന നരോദ ഗാം കൂട്ടക്കൊലക്കേസിലെ പ്രതികളെ അഹമ്മദാബാദ് പ്രത്യേക കേടതി ഇന്നലെ വെറുതെ വിട്ടിരുന്നു.