വീട് കുത്തിത്തുറന്ന് മോഷണം; നഷ്ടപ്പെട്ടത് 11 പവൻ സ്വർണവും, 25,000 രൂപയും
കോതമംഗലം: പല്ലാരിമംഗലത്ത് വീട് കുത്തിത്തുറന്ന് 11 പവൻ സ്വർണവും, 25,000 രൂപയും മോഷ്ടിച്ചതായി പരാതി. പല്ലാരിമംഗലം സ്വദേശി പുല്ലായിക്കാട്ട് സഹൽ സിദ്ധിഖിന്‍റെ വീട്ടിലാണ് ബുധനാഴ്ച അർധരാത്രിയോടെ മോഷണം നടന്നത്. ബന്ധുവിനെ എയർപോർട്ടിൽ നിന്ന് കൊണ്ടുവരാൻ വീട്ടിലുള്ളവർ പോയ സമയത്താണ് മോഷണം നടന്നത്.
വീടിന്‍റെ മുൻഭാഗത്തെ കതക് കുത്തിത്തുറന്ന് അകത്തു കടന്ന മോഷ്ടാക്കൾ പണവും, സ്വർണവും സൂക്ഷിച്ചിരുന്ന അലമാരയുടെ പൂട്ട് പൊളിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ എയർപോർട്ടിൽ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പോത്താനിക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.