വർഷ തുർക്കർ

 
Crime

ഇൻഡിഗോ ജീവനക്കാരിയെ വനമേഖലയിൽ മരിച്ചനിലയിൽ കണ്ടെത്തി; ആൺസുഹൃത്തിനെ ചോദ്യം ചെയ്ത് പൊലീസ്

പുനെ വിമാനത്താവളത്തിലെ ഇൻഡിഗോ ടിക്കറ്റ് കൗണ്ടറിൽ ജോലി ചെയ്തിരുന്ന വർഷ ദീപാവലി ആഘോഷിക്കാനായി രണ്ടര വയസുള്ള മകൾക്കൊപ്പം മധ്യപ്രദേശിലെ ബാലാഘട്ടിലുള്ള മാതൃവീട്ടിലെത്തിയതായിരുന്നു

Sarath Nath MS

ഗോണ്ടിയ: മഹാരാഷ്ട്രയിൽ ഇൻഡിഗോ വിമാനക്കമ്പനിയിലെ ജീവനക്കാരിയെ വനമേഖലയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതക സാധ്യത പരിശോധിച്ച് പൊലീസ്. 35കാരിയായ വർഷ തുർക്കറിനെയാണ് മഹാരാഷ്ട്ര-മധ്യപ്രദേശ് അതിർത്തിയോട് ചേർന്ന ഗോണ്ടിയ ജില്ലയിലെ ബോൺഡ്രാനി വനമേഖലയിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.

പുനെ വിമാനത്താവളത്തിലെ ഇൻഡിഗോ ടിക്കറ്റ് കൗണ്ടറിൽ ജോലി ചെയ്തിരുന്ന വർഷ ദീപാവലി ആഘോഷിക്കാനായി രണ്ടര വയസുള്ള മകൾക്കൊപ്പം മധ്യപ്രദേശിലെ ബാലാഘട്ടിലുള്ള മാതൃവീട്ടിലെത്തിയതായിരുന്നു. 2024ൽ വിവാഹിതയായ വർഷയുടെ ഭർത്താവ് ഇൻഡോറിലാണ് താമസം.

ശനിയാഴ്ച വൈകിട്ട് നാലോടെ സുഹൃത്തായ നിതേഷ് അഗർവാളിനൊപ്പം വൈംഗംഗ നദിക്കരയിലേക്ക് പോയ വർഷ പിന്നീട് അപകടത്തിൽപ്പെട്ടതായി സുഹൃത്ത് കുടുംബത്തെ അറിയിക്കുകയായിരുന്നു. ബന്ധുക്കൾ സ്ഥലത്തെത്തിയപ്പോൾ രക്തം വാർന്ന നിലയിൽ കണ്ടെത്തിയ വർഷയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ട് ഏഴോടെ മരണം സ്ഥിരീകരിച്ചു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം.

മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതർ തങ്ങളെ ആക്രമിച്ച് കവർച്ച നടത്തിയെന്നാണ് നിതേഷ് പൊലീസിനോട് പറഞ്ഞത്. എന്നാൽ ആക്രമണം നടന്നുവെന്ന് അവകാശപ്പെടുന്ന ഇയാൾക്ക് പരുക്കുകളൊന്നും ഇല്ലാത്തത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസിന് സംശയം തോന്നിയിരുന്നു. ഇതോടെ മൊഴിയിലെ വൈരുധ്യങ്ങളെ തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും സംഭവത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.