കുട്ടിക്കാലത്ത് മോശമായി പെരുമാറി; മുത്തച്ഛനെ ബാറ്റ് കൊണ്ട് അടിച്ചു കൊന്ന് 20വയസുകാരി
representative image
ഇന്ദോർ: 75 വയസുള്ള മുത്തച്ഛനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് കൊന്ന 20 വയസുകാരി അറസ്റ്റിൽ. 7-8 വയസുള്ളപ്പോൾ തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് കൊലപാതകം. മധ്യപ്രദേശിലെ ഇന്ദോറിലാണ് സംഭവം. സ്പെഷ്യൽ ആംഡ് ഫോഴ്സ് റിട്ടയേഡ് ജീവനക്കാരനാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രിയിൽ കോളെജ് വിദ്യാർഥിനിയായ പെൺകുട്ടിയും മാതാപിതാക്കളും തമ്മിൽ കലഹമുണ്ടായിരുന്നു. ഇതേ തുടർന്ന് പെൺകുട്ടി മോട്ടോർസൈക്കിളിൽ കയറി 15 കിലോമീറ്റർ ദൂരെയുള്ള മുത്തച്ഛന്‍റെ വീട്ടിൽ എത്തുകയായിരുന്നു. മുത്തശ്ശിയാണ് പെൺകുട്ടിക്ക് വാതിൽ തുറന്നു കൊടുത്തത്.
വീട്ടിൽ കയറിയ ഉടനെ മുത്തച്ഛന്‍റെ മുറിയിലെത്തിയ പെൺകുട്ടി ബാറ്റ് കൊണ്ട് ആക്രമിക്കുകയായിരുന്നു. തലയിൽ പല തവണ ബാറ്റ് കൊണ്ട് അടിച്ചതാണ് മരണകാരണം. ഏതു തരത്തിലുള്ള മോശം പെരുമാറ്റമാണ് പെൺകുട്ടിക്ക് ഉണ്ടായതെന്നതിൽ വ്യക്തതയില്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഡിസിപി നരേന്ദ്ര റാവത് പറഞ്ഞു.