രാഗേഷ്

 
Crime

കുളുവിൽ ടൂറിസ്റ്റ് ഗൈഡായി ‌മയക്കുമരുന്ന് കേസിലെ പ്രതി; വേഷം മാറിയെത്തി ‌പിടികൂടി നെടുമ്പാശേരി പൊലീസ്

മയക്കുമരുന്ന് വാങ്ങുന്നതിന് സാമ്പത്തിക സഹായം ചെയ്തയാളാണ് രാഗേഷ് .

Local Desk

കൊച്ചി: വൻ മയക്കുമരുന്ന് കേസിലെ പ്രതി രണ്ട് വർഷത്തിന് ശേഷം പൊലീസിന്‍റെ പിടിയിൽ. തൃശൂർ തലപ്പിള്ളി പൈങ്കുളം മങ്ങാട്ടു തൊടി വീട്ടിൽ രാഗേഷ് (ജുമാഞ്ചി 32)നെയാണ് നെടുമ്പാശേരി പൊലീസ് ഹിമാചൽ പ്രദേശിലെ കുളുവിൽ നിന്ന് പിടികൂടിയത്. 2024 ജൂൺ 27 ന് ബംഗളൂരുവിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന 316 ഗ്രാം എംഡിഎംഎ, 2 എൽഎസ്ടിഡി സ്റ്റാമ്പ് , 420 ഗ്രാം കഞ്ചാവ് എന്നിവ അത്താണിയിൽ വച്ച് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആലുവ ചാലയക്കൽ തോട്ടു മുഖം കുമ്പശേരി വീട്ടിൽ ആസാദ് (38), മലപ്പുറം തിരൂരങ്ങാടി കീഴ്മുറി കൂവുള്ളി വീട്ടിൽ ഹരികൃഷ്ണൻ (28) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇവരുടെ വാഹനവും കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് വാങ്ങുന്നതിന് സാമ്പത്തിക സഹായം ചെയ്തയാളാണ് രാഗേഷ് . ഇവർ പിടിയിലായതിനു പിന്നാലെ രാഗേഷ് ഒളിവിൽപ്പോയി. കുളുവിൽ ബേസ് ക്യാമ്പിൽ നിന്ന് ഇരുപതു കിലോമീറ്റർ മുകളിൽ ഒരു റിസോർട്ടിലാണ് ഇയാൾ ടൂറിസ്റ്റ് ഗൈഡായി ഒളിവിൽ കഴിഞ്ഞത്. അന്വേഷണ സംഘം വിനോദ സഞ്ചാരികളായി വേഷം മാറി ദിവസങ്ങളോളം 'താമസിച്ചാണ് രാഗേഷിനെ കസ്റ്റഡിയിലെടുത്തത്.

ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശന്‍റെ നേതൃത്വത്തിൽ ഡി വൈ എസ് പി ബൈജു പൗലോസ്, സർക്കിൾ ഇൻസ്പെക്ടർ ബി.കെ അരുൺ, എസ്ഐ മാരായ അരുൺ രാജ്, റോണി അഗസ്റ്റിൻ, എഎസ്ഐ എം.വി ബിനു, സിപിഒ സജാസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.