അറസ്റ്റിലായ മൈക്കൽ കോമർ

 
Crime

യുഎസിൽ ജീവനോടെ മണ്ണിനടിയില്‍ കുഴിച്ചിട്ട കുഞ്ഞിനെ രക്ഷപ്പെടുത്തി

കണ്ടെടുത്തത് 24 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍, പിതാവ് അറസ്റ്റില്‍

Reena Varghese

സൗത്ത് കരോലിന: പിതാവ് തട്ടിക്കൊണ്ടുപോയി മണ്ണിനടിയില്‍ കുഴിച്ചിട്ട 11 മാസം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ കണ്ടെത്തി. ഏകദേശം 24 മണിക്കൂറോളം മണ്ണിനടിയില്‍ കഴിഞ്ഞ കുഞ്ഞിനെ അടിയന്തര തിരച്ചിലിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. കോവ ഷാര്‍പ എന്ന കുഞ്ഞിനെ ചൊവ്വാഴ്ച ഉച്ചയോടെയാണ്കണ്ടെത്തിയത്. കുഞ്ഞ് മരണത്തോട് മല്ലിടുകയായിരുന്നുവെന്ന് ലെക്‌സിങ്ടണ്‍ കൗണ്ടി ഷെരീഫ് ജെയ് കൂണ്‍ അറിയിച്ചു.

കുഞ്ഞിനെയും പിതാവായ 25കാരന്‍ മൈക്കല്‍ കോമറിനെയും കാണാതായതിനെത്തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമാണ് അധികൃതര്‍ തിരച്ചില്‍ ആരംഭിച്ചത്. അമ്മ ഒരു ആവശ്യത്തിനായി പുറത്തുപോയപ്പോള്‍ കുഞ്ഞിനെ പിതാവിന്‍റെ സംരക്ഷണത്തിലാക്കിയിരുന്നു. ഇതിനിടെ മറ്റൊരു പരിചാരകന്‍ വീട്ടിലെത്തിയപ്പോഴേക്കും പിതാവിനെയും കുഞ്ഞിനെയും കാണാതായതായി ഷെരീഫ് വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി ബേറ്റ്‌സ്ബര്‍ഗ്-ലീസ്വില്ലെ മേഖലയില്‍നിന്ന് പിതാവിനെ കണ്ടെത്തിയെങ്കിലും കുഞ്ഞിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല.

മൈക്കൽ11 മാസം പ്രായമുള്ളപുത്രൻ കോവ ഷാർപയോടൊപ്പം

തുടര്‍ന്ന് നൂറോളം രക്ഷാപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി വിപുലമായ തിരച്ചില്‍ ആരംഭിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ കോമറിന്‍റെപിതാവിന്‍റെവീടിന് സമീപമുള്ള വനമേഖലയില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് പുതുതായി ഇളക്കിയ മണ്ണ് ശ്രദ്ധയില്‍പ്പെട്ടത്. വീടിന് ഏകദേശം 50 വാര അകലെ മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു നായ്ക്കൂട്. രക്ഷാപ്രവര്‍ത്തകര്‍ മണ്ണ് നീക്കി പരിശോധിക്കുന്നതിനിടെ കുഞ്ഞിന്‍റെകരച്ചില്‍ കേള്‍ക്കുകയായിരുന്നു. തുണിയില്‍ പൊതിഞ്ഞ നിലയില്‍ കൂട്ടിനുള്ളില്‍ കിടന്ന കുഞ്ഞിനെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.

നിലവില്‍ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെടുമെന്നും പൂര്‍ണമായി സുഖം പ്രാപിക്കുമെന്നുമാണ് പ്രതീക്ഷയെന്ന് ഷെരീഫ് അറിയിച്ചു. ഏകദേശം 24 മണിക്കൂറോളം കുഞ്ഞ് മണ്ണിനടിയില്‍ കഴിഞ്ഞതായാണ് അന്വേഷണത്തില്‍നിന്ന് മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞിനെ പൊതിഞ്ഞിരുന്ന തുണി കൂട്ടിനുള്ളില്‍ ചെറിയൊരു വായുസഞ്ചാര ഇടം സൃഷ്ടിച്ചിരിക്കാമെന്നാണ് അധികൃതരുടെ നിഗമനം. കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട നിമിഷം രക്ഷാപ്രവര്‍ത്തകര്‍ അതിവേഗം മണ്ണ് നീക്കി കുഞ്ഞിനെ പുറത്തെടുത്തതായും ഷെരീഫ് വിശദീകരിച്ചു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പിതാവ് മൈക്കല്‍ കോമറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ ജീവനോടെ തിരിച്ചുകിട്ടിയതില്‍ ആശ്വാസവും സന്തോഷവും പങ്കുവെച്ച ഷെരീഫ്, തിരച്ചിലില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചു. 11 മാസം പ്രായമുള്ള കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാനായത് വലിയ ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.