പ്രതികളായ ശ്രീരാജ്, ജിത്ത് മാർട്ടിൻ
കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് വിവാഹിതയായ യുവതിയെ ലോഡ്ജിൽ എത്തിച്ച് മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ഇടപ്പള്ളിയിലാണ് സംഭവം.
ആലപ്പുഴ കാർത്തികപ്പിള്ളി ഇരിക്കാവ് എസ്.ആർ. നിവാസിൽ ശ്രീരാജ് (30), കളമശേരി തേവയ്ക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ (27) എന്നിവരാണ് അറസ്റ്റിലായത്. ഒരു സ്ത്രീ അടക്കമുള്ള മറ്റു രണ്ട് പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
സ്പായിൽ മാനേജർ ജോലി വാഗ്ദാനം ചെയ്താണ് പ്രതികൾ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങളും റെക്കോഡ് ചെയ്തു. യുവതി സംഭവം തന്‍റെ ഭർത്താവിനെ അറിയിക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
സ്പാകൾ കേന്ദ്രീകരിച്ച് ആവശ്യക്കാർക്ക് സ്ത്രീകളെ എത്തിച്ചുനൽകുന്ന സംഘത്തിലെ അംഗങ്ങളാണ് പ്രതികൾ. ശ്രീരാജ് ഇടപ്പള്ളിയിൽ സ്പാ നടത്തുകയും ചെയ്യുന്നുണ്ട്. ഈ സ്പായിൽ ജോലി വാഗ്ദാനം ചെയ്താണ് മദ്യവും മയക്കുമരുന്നും നൽകി യുവതിയെ പീഡിപ്പിച്ചത്. നിലവിൽ കൊച്ചിയിലെ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുകയാണ് യുവതി. കളമശേരി പൊലീസാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്‍റ് ചെയ്തു.