ഡാനി ഭായ് എന്ന ധനേഷ് എസ്. നായർ.
ആലുവ: ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ എംഡിഎംഎ കടത്ത് നടത്തുന്ന ശൃംഖലയിലെ മുഖ്യ കണ്ണി എന്നു സംശയിക്കപ്പെടുന്ന ആൾ അറസ്റ്റിൽ. ഹരിപ്പാട് പായിപ്പാട് വയ്യാപുരം പറയ്യിൽ 'ഡാനി ഭായ്' എന്ന ധനേഷ് എസ്. നായർ (31) ആണ് അങ്കമാലിയിൽ വച്ച് പൊലീസിന്റെ പിടിയിലായത്.
ഇയാളിൽനിന്ന് 803 ഗ്രാം ഹാഷിഷ് ഓയിലും 8 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്. മൈസൂരിനടുത്ത് നഞ്ചൻഗുഡുവിലായിരുന്നു ഇയാളുടെ താമസം. ആലുവയിൽ 185 ഗ്രാം എംഡിഎംഎയുമായി ഞായറാഴ്ച അറസ്റ്റിലായ ഹരികൃഷ്ണന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽനിന്നാണ് ധനേഷിനെക്കുറിച്ച് വിവരം കിട്ടിയത്.
യുവാക്കളെ ലഹരിമരുന്ന് കടത്തിനും വിതരണത്തിനുമായി റിക്രൂട്ട് ചെയ്ത് ബംഗളൂരുവിലും പരിസരപ്രദേശങ്ങളിലും എത്തിക്കുകയാണ് ധനേഷ് ചെയ്തിരുന്നത്. അവിടെനിന്ന് വൻതോതിൽ എംഡിഎംഎ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന് വിവിധ മേഖലകളിലെ ലഹരിക്കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും വിതരണം ചെയ്യുന്നതായിരുന്നു രീതി.
ലഹരിമരുന്ന് വാഴക്കുലകൾക്കുള്ളിൽ പൊതിഞ്ഞ് ഒളിപ്പിക്കുന്നതടക്കമുള്ള കടത്തുരീതികൾ വ്യക്തമാക്കുന്ന വീഡിയോകളും മറ്റ് ദൃശ്യങ്ങളും പ്രതികളുടെ മൊബൈൽ ഫോണുകളിൽനിന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മൈസൂരിനടുത്ത് നഞ്ചൻഗുഡുവിൽ ധനേഷിന് വാഴത്തോട്ടവും കൃഷിയിടങ്ങളും ഉള്ളതായും അവയുടെ മറവിൽ ലഹരിമരുന്ന് കടത്തും വിതരണവും നടത്തിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.
ബംഗളൂരു–മൈസൂരു മേഖലകൾ കേന്ദ്രീകരിച്ച് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന വിതരണശൃംഖലയിലെ പ്രധാന ഉറവിടങ്ങളിലൊന്നാണ് ഇതോടെ കണ്ടെത്താനായത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഹരികൃഷ്ണനും ഷിനു സെബാസ്റ്റ്യനും, 'ഡാനി ഭായ്' എന്ന ധനേഷ് ഇൻസ്റ്റഗ്രാം വഴി കൊടുക്കുന്ന നിർദേശങ്ങൾക്കനുസരിച്ചാണ് ലഹരി മരുന്ന് വിതരണം ചെയ്തിരുന്നത്. ഇതിന്റെ പണവും ഇവർ ധനേഷിനാണ് കൈമാറിയിരുന്നത്.
സാമൂഹികമാധ്യമങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലഹരിമരുന്ന് വിതരണശൃംഖലയുടെ കൂടുതൽ വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ അങ്കമാലി ഇൻസ്പെക്റ്റർ ആർ. രൂപേഷ്, നെടുമ്പാശേരി ഇൻസ്പെക്റ്റർ ബി.കെ. അരുൺ, എസ്ഐമാരായ ജോജോ ജോർജ്, അനൂപ് വി., പ്രൊബേഷണറി എസ്ഐ ലാൻസി ദാസ്, എഎസ്ഐ നൗഷാദ്, എസ്സിപിഒ അജിത്, വിനോദ്, ലിൻസൺ, സിവിൽ പൊലീസ് ഓഫിസർമാരായ മാഹിൻഷാ അബൂബക്കർ, മനോജ് കെ.എം., മുഹമ്മദ് അമീർ, മുഹമ്മദ് ഷാഹിൻ, അഫ്സൽ, ഗസ്നി, ഷൈജൻ, ശ്രീരാജ് എം.എസ്., ഷമീൻ എസ്., അനിൽജിത് എം.ബി. എന്നിവരും ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.