കൊച്ചി കൂട്ടബലാത്സംഗം; ഒളിവിലായിരുന്ന യുവതിയും യുവാവും പിടിയിൽ
കൊച്ചി: സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശിനിയായ യുവതിയും സഞ്ജു എന്ന യുവാവുമാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം നാലായി.
ഒക്റ്റോബർ രണ്ടിന് ഇടപ്പള്ളിയിലെ സ്പായിൽ മാനേജർ ജോലി നൽകാമെന്ന് പറഞ്ഞ് അഭിമുഖത്തിന് വിളിച്ചാണ് യുവതിയെ ലോഡ്ജിൽ വച്ച് പ്രതികൾ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയത്. കേസിൽ ശ്രീരാജ്, ജിത്ത് മാർട്ടിൻ എന്നീ രണ്ട് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. ശ്രീരാജ്, ജിത്ത് മാർട്ടിൻ, വയനാട് സ്വദേശിനി എന്നിവർ ചേർന്നാണ് യുവതിയെ ബലാത്സംഗം ചെയ്തതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഇവരുടെ സഹായിയായി പ്രവർത്തിക്കുകയായിരുന്നു സഞ്ജു.
ഇടപ്പള്ളിയിൽ സ്പാ നടത്തുകയാണ് ശ്രീരാജ്. ഇവിടെ ജോലി വാഗ്ദാനം ചെയ്താണ് പ്രതികൾ യുവതിയെ വലയിലാക്കിയത്. ലോഡ്ജിൽ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവതി ഭർത്താവിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഭർത്താവ് കളമശേരി പൊലീസിൽ പരാതി നൽകി.
സംഭവത്തിൽ മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ഇടപെട്ടിട്ടുണ്ട്. അതിജീവിതയ്ക്ക് എല്ലാ പിന്തുണയും നിയമസഹായവും ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. യുവതിയുടെ ഭർത്താവുമായി മന്ത്രി ഫോണിൽ സംസാരിക്കുകയും ചെയ്തു.