ആലുവയിൽ വൻ കഞ്ചാവ് വേട്ട; 21.380 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
ആലുവ: ആലുവയിൽ 21.380 കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ. 25 വയസുള്ള ഹസനാണ് എക്സൈസിന്‍റെ പിടിയിലായത്. ബിലാസ്പുർ എറണാകുളം ജംക്ഷൻ സൂപ്പർ ഫാസ്റ്റ് ട്രെയിൻ വഴി ആലുവയിലേക്ക് വൻ തോതിൽ കഞ്ചാവ് കടത്തുന്നതിനിടെയാണ് അറസ്റ്റ്. ആലുവ റെയിൽവേ സ്റ്റേഷന്‍റെ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്നും ട്രോളി ബാഗിനുള്ളിൽ 17 പാഴ്‌സലുകളിലായി 21.380 കി ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ട് വരുകയായിരുന്നു.
റെനിഗുണ്ട് എന്ന സ്ഥലത്ത് നിന്നും ആലുവ, പെരുമ്പാവൂർ മേഖലയിലുള്ള അന്യ സംസ്ഥാന തൊഴിലാളികളായ കഞ്ചാവ് മാഫിയക്കാർക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കാനായിരുന്നു ശ്രമം. ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ ശ്യാംകുമാറിന്‍റ നേതൃത്വത്തിലുള്ള എക്സൈസ് പാർട്ടിയും ആർപിഎഫ് ക്രൈം ഇന്‍റലിജൻസ് ബ്രാഞ്ചും സംയുക്തമായാണ് പരിശോധന നടത്തിയത്.
ഒരാഴ്ച മുമ്പ് ആലുവ എക്സൈസ് സർക്കിൾ പാർട്ടി ആലുവ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 25 കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു.