വൻ പെൺവാണിഭ സംഘം പിടിയിൽ
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിലെ പേയിങ് ഗസ്റ്റ് (പിജി) സംവിധാനത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ വൻ പെൺവാണിഭ സംഘം പിടിയിൽ. 13 പുരുഷൻമാരും എട്ട് സ്ത്രീകളുമടക്കം 21 പേരെ അറസ്റ്റ് ചെയ്തു. പിടിയിലായ സ്ത്രീകളിൽ വിദേശികളുമുണ്ട്.
ഗുരുഗ്രാം സെക്റ്റർ 38ലെ പിജിയിൽ പൊലീസും ഹരിയാന സംസ്ഥാന വനിതാ കമ്മിഷനും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. ഗുരുഗ്രാമിലെ സഫയർ മാളിലെ 18 സ്പാ സെന്‍ററുകളിൽ റെയ്ഡ് നടത്തിയതിന് പിറ്റേദിവസമാണ് പിജിയിലും പരിശോധന നടന്നത്.
ജാർസ സ്വദേശിയായ സഹിൽ, ഭാര്യ എന്നിവരാണ് പെൺവാണിഭ സംഘം നടത്തിയിരുന്നത്. വാട്സ്ആപ്പും വെബ്സൈറ്റുകളും വഴിയായിരുന്നു പെൺവാണിഭ സംഘത്തിന്‍റെ പ്രവർത്തനം. ശനിയാഴ്ച സംഘത്തിൽ നിന്ന് രക്ഷപ്പെട്ട പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയാണ് പിജിയെക്കുറിച്ച് പൊലീസിന് വിവരം നൽകിയത്. തുടർന്ന് ഗുരുഗ്രാം പൊലീസ് അസിസ്റ്റന്‍റ് കമ്മിഷണർ അഭിലാക്ഷ് ജോഷി, വനിതാ കമ്മിഷൻ അധ്യക്ഷ ഉഷ പ്രിയദർശിനി എന്നിവരുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തുകയായിരുന്നു. സംഭവത്തിൽ ഇമ്മോറൽ ട്രാഫിക് പ്രിവൻഷൻ ആക്റ്റ്, ഫോറിനേഴ്സ് ആക്റ്റ് എന്നിവ പ്രകാരം സദർ പൊലീസ് കേസെടുത്തു.