മുഹമ്മദ് അസ്ലം, ഫർസാന
ഗുരുഗ്രാം: മലയാളി ദമ്പതികളെ ഹരിയാനയിലെ ഗുരുഗ്രാമിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി പള്ളാവൂർ സ്വദേശിയായ മുഹമ്മദ് അസ്ലം (30), ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനി ഫർസാന (28) എന്നവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫർസാനയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അസ്ലം ജീവനൊടുക്കിയതാണെന്നാണ് ഗുരുഗ്രാം പൊലീസ് വ്യക്തമാക്കി.
ഗുരുഗ്രാം സെക്ടർ 68ലെ വാടക അപ്പാർട്ട്മെന്റിൽ വ്യാഴാഴ്ചയാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. സംഭവത്തിനു മുൻപായി അസ്ലം തന്റെ കമ്പനിയിലേക്ക് മെയിൽ അയച്ചിരുന്നു. പിതാവിന്റെയും വീട്ടുടമയുടെയും നമ്പറും മെയിലിൽ ഉൾപ്പെടുത്തിയിരുന്നു. മരണവിവരം ഇരുവരേയും അറിയിക്കണം എന്നാണ് മെയിലിൽ പറഞ്ഞിരുന്നത്. ആത്മഹത്യ കുറിപ്പ് ലഭ്യമല്ലാത്തതിനാൽ കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
നേരത്തെ ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന ദമ്പതികൾ ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഗുരുഗ്രാമിലേക്ക് താമസം മാറിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഡൽഹിയിലെ സദർ ബസാർ മോർച്ചറിയിലേക്ക് മാറ്റി. ബന്ധുക്കൾക്ക് മൃതദേഹങ്ങൾ വിട്ടുനൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.