ഗോകുൽ കൃഷ്ണയും ഗംഗയും
പത്തനംതിട്ട: കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവിലെ റിലെൻസി ലോഡ്ജിൽ മലയാളി നേഴ്സായ അടൂർ സ്വദേശിനി ഗംഗയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശി ഗോകുൽ കൃഷ്ണ അറസ്റ്റിലായിരുന്നു. ഇപ്പോഴിതാ കേസിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഗംഗയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.
നേഴ്സിങ് പഠിക്കുന്ന സമയത്താണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. പീന്നീട് ഇവർ 4 വർഷം പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് വ‍്യക്തമാക്കുന്നത്. ഗംഗയ്ക്ക് ജോലി തിരയാൻ കേരളത്തിൽ നിന്നും ബെംഗളൂരുവിലെത്തിയ ഇരുവരും ലോഡ്ജിൽ മുറിയെടുക്കുകയും ചെയ്തു. എന്നാൽ വെള്ളിയാഴ്ച ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ഗോകുൽ കത്തികൊണ്ട് ഗംഗയുടെ വയറ്റിൽ കുത്തുകയായിരുന്നു.
ലോഡ്ജ് ജീവനക്കാർ വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ പൊലീസെത്തി യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിത രക്തസ്രാവമാണ് മരണകാരണമെന്നാണ് വിവരം. പ്രതിയെ നിലവിൽ പൊലീസ് ചോദ‍്യം ചെയ്തുവരുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഗംഗയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.