ഡൽഹി വിമാനത്താവളം

 
Crime

ഡൽഹി വിമാനത്താവളത്തിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചയാൾ പിടിയിൽ

ടെർമിനലിലേക്ക് അതിക്രമിച്ചുകയറാൻ ശ്രമിക്കുന്നതും സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കീഴ്പ്പെടുത്തുന്നതുമായ 25 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ സിഐഎസ്എഫ് എക്സിൽ പങ്കുവച്ചു

Sarath Nath MS

ന്യൂഡൽഹി: ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ അതീവ സുരക്ഷാ മേഖലയായ ടെർമിനൽ മൂന്നിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടി.

ഹരിയാന സ്വദേശിയാണ് പിടിയിലായത്. ഇയാളെ ഇയാളെ ചോദ്യം ചെയ്യുന്നതിനായി ഡൽഹി പൊലീസിന് കൈമാറി. ടെർമിനലിലേക്ക് അതിക്രമിച്ചുകയറാൻ ശ്രമിക്കുന്നതും സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കീഴ്പ്പെടുത്തുന്നതുമായ 25 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ സിഐഎസ്എഫ് എക്സിൽ പങ്കുവച്ചു.

ടെർമിനൽ മൂന്നിലെ കവാടത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് സാധുവായ യാത്രാരേഖകളില്ലാതെ അകത്തേക്ക് കടക്കാൻ ശ്രമിച്ചയാളെ തടഞ്ഞത്. ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ഏതാനും മീറ്ററുകൾ അകത്തേക്ക് ഓടിയെങ്കിലും ക്വിക്ക് റെസ്പോൺസ് ടീം (ക്യുആർടി) അംഗങ്ങളുടെ സഹായത്തോടെ നിമിഷങ്ങൾക്കുള്ളിൽ പിടികൂടുകയായിരുന്നു.

ഇയാളുടെ ബാഗിൽ നിന്ന് തിരിച്ചറിയൽ രേഖകളും വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും കണ്ടെടുത്തു. സാധുവായ യാത്രാരേഖകളും തിരിച്ചറിയൽ കാർഡും പരിശോധിച്ച ശേഷമാണ് യാത്രക്കാരെ ടെർമിനലിലേക്ക് പ്രവേശിപ്പിക്കുന്നത്. വിമാനത്താവള ജീവനക്കാരും തിരിച്ചറിയൽ കാർഡ് ഹാജരാക്കണം.

പ്രതിദിനം ആയിരക്കണക്കിന് ആഭ്യന്തര, രാജ്യാന്തര യാത്രക്കാർ എത്തുന്ന അതീവ സുരക്ഷാ മേഖലയാണ് ഡൽഹി വിമാനത്താവളം. അർധസൈനിക വിഭാഗമായ സിഐഎസ്എഫിനാണ് വിമാനത്താവളത്തിന്‍റെ സുരക്ഷാചുമതല.