ട്രേഡിങ്ങിലൂടെ ലാഭം നേടാമെന്ന് നിർമല സീതാരാമന്‍റെ വ‍്യാജ എഐ വിഡിയോ; 63കാരന് നഷ്ടമായത് 1.45 കോടി രൂപ, കേസ്

 

file image

Crime

ട്രേഡിങ്ങിലൂടെ ലാഭം നേടാമെന്ന് നിർമല സീതാരാമന്‍റെ വ‍്യാജ എഐ വിഡിയോ; 63കാരന് നഷ്ടമായത് 1.45 കോടി രൂപ, കേസ്

നടുവണ്ണൂർ സ്വദേശി അബ്ദുർറഹിമാന്‍റെ പരാതിയിൽ കോഴിക്കോട് റൂറൽ സൈബർ പൊലീസാണ് കേസെടുത്തിരിക്കുന്നത്

MV Desk

കോഴിക്കോട്: കേന്ദ്ര ധനകാര‍്യ മന്ത്രി നിർമല സീതാരാമന്‍റെ വ‍്യാജ എഐ വിഡിയോ സമൂഹമാധ‍്യമത്തിലൂടെ പ്രചരിപ്പിച്ച് ഓൺലൈൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. നടുവണ്ണൂർ സ്വദേശി അബ്ദുർറഹിമാന്‍റെ പരാതിയിൽ കോഴിക്കോട് റൂറൽ സൈബർ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

ഓൺലൈൻ ട്രേഡിങ്ങിലൂടെ മികച്ച വരുമാനം നേടാമെന്ന് നിർമല സീതാരാമൻ പറയുന്ന വ‍്യാജ വിഡിയോയാണ് ഫെയ്സ്ബുക്കിൽ പ്രചരിച്ചത്. വിഡിയോ യഥാർഥ‍്യമാണെന്ന് വിശ്വസിച്ച് ലിങ്കിൽ ക്ലിക്ക് ചെയ്യുകയും തട്ടിപ്പുകാരുടെ നിർദേശങ്ങൾ പാലിക്കുകയും ചെയ്തതോടെ 63കാരനായ അബ്ദുറഹിമാന് ഒരു കോടി 41 ലക്ഷം രൂപ നഷ്ടമായി.

2025 ജൂൺ 6 മുതൽ 2026 നവംബർ 4 വരെയുള്ള കാല‍യളവിലാണ് തട്ടിപ്പ് നടന്നത്. വാഗ്ദാനം ചെയ്ത പണം ലഭിക്കാതായതിനെത്തുടർന്ന് അബ്ദുറഹിമാൻ പൊലീസിനെ സമീപിക്കുകയായിരുന്നു. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതിനാലാണ് അബ്ദുറഹിമാൻ പരാതി നൽകാൻ വൈകിയതെന്ന് പൊലീസ് വ‍്യക്തമാക്കി. ഭാരതീയ ന‍്യായ സംഹിതയിലെ 318(4), ഐടി ആക്റ്റ് 66 (D) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.