ബി. അറുമുഖം
തമിഴ്നാട്: തമിഴ്നാട് ഈറോഡ് സത്യമംഗലം സർക്കാർ സ്കൂളിൽ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ചയാൾ അറസ്റ്റിലായി. മുൻ പാചക തൊഴിലാളിയുടെ ഭർത്താവ് ബി. അറുമുഖമാണ് അറസ്റ്റിലായത്. ഭാര്യയെ പാചക ജോലിയിൽ നിന്ന് പിരിച്ചുവിട്ടതാണ് ക്രൂരതയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.
ഈറോഡ് ജില്ലയിലെ രാമബയലൂർ ഗ്രാമത്തിലുള്ള സ്കൂളിലാണ് സംഭവം. സ്കൂൾ വിദ്യാർഥിയെ ഉപയോഗിച്ചുകൊണ്ട് ഇയാൾ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ കൈയിലെ മഞ്ഞ നിറം അധ്യാപകർ കണ്ടെത്തുകയും കൂടുതൽ ചോദ്യം ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്.
തന്നെ സഹായിച്ചാൽ പകരം പുതിയ വസ്ത്രങ്ങൾ വാങ്ങിത്തരാമെന്ന് അറുമുഖം വാഗ്ദാനം ചെയ്യുകയും ചെയ്തതായി വിദ്യാർഥി പറഞ്ഞു. സാമ്പാറിലാണ് ഇയാൾ വിഷം കലർത്താൻ ശ്രമിച്ചത്. പാചകത്തിലെ നിലവാരക്കുറവ് കാരണമാണ് അലമ്മാളിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ഇതേ തുടർന്നാണ് യുവാവിന്‍റെ നടപടി.