പാലക്കാട്ട് വൻ ലഹരി വേട്ട; യുവതി അടക്കം മൂന്നുപേർ പിടിയിൽ
file image
പാലക്കാട്: പാലക്കാട് നിന്ന് എംഡിഎംഎ അടക്കം ഒരു കിലോ ലഹരി മരുന്നുകൾ പിടികൂടി. ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധയിലാണ് ഈ ലഹരിവേട്ട. യുവതി അടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. കോട്ടയം കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് നിഷി (26), മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അസുറുദീൻ (30), കർണാടക സ്വദേശി ബി. ഫാത്തിമ (27) എന്നിവരാണ് പൊലീസ് പിടിയിലായത്.
എംഡിഎംഎ, കൊക്കെയ്ൻ, ബ്രൗൺ ഷുഗർ, എൽഎസ്ഡി സ്റ്റാമ്പ്, ഹൈബ്രിഡ് കഞ്ചാണ് എന്നിവയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവുമായി വന്നിറങ്ങിയ ഒരാളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. തമിഴ്നാട്ടിൽ വച്ച് തന്നെ ഈ സംഘത്തെ പിന്തുടരുകയായിരുന്നു പൊലീസ്.
ഈ നിരീക്ഷണം മനസിലാക്കിയ പൊലീസ് പാലക്കാട്ടേക്ക് കടക്കുകയായിരുന്നു. തുടർന്ന് ഒലവക്കോട് ജംങ്ഷനിൽ വച്ച് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. ഇവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കൂടുതൽ ആളുകളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.