ഡൽഹി പൊലീസ്

 
Crime

സ്കൂൾ യൂണിഫോം ഷൂസിനെ ചൊല്ലി തർക്കം; ഡൽഹിയിൽ പ്ലസ് ടു വിദ‍്യാർഥിയെ കുത്തിക്കൊന്നു, കേസ്

പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പടെ അഞ്ച് പേരെ പിടികൂടിയിട്ടുണ്ട്

Aswin AM

ന‍്യൂഡൽഹി: സ്കൂൾ യൂണിഫോം ഷൂസിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഡൽഹിയിൽ‌ പ്ലസ് ടു വിദ‍്യാർഥിയെ കുത്തിക്കൊന്നു. പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പടെ അഞ്ച് പേരെ പിടികൂടിയിട്ടുണ്ട്. ബുധനാഴ്ച വൈകീട്ടോടെ ഡൽഹിയിലെ മോഹൻ ഗാർഡൻ പ്രദേശത്താണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്.

ആക്രമണത്തിന് ഇരയായ വിദ‍്യാർഥിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മരണപ്പെട്ട വിദ‍്യാർഥിയുടെ പിതാവ് മുൻ സൈനികനാണ്.

നിലവിൽ അദ്ദേഹം ഗുരുഗ്രാമിൽ സെക‍്യൂരിറ്റിയായി ജോലി ചെയ്തുവരുകയാണ്. സ്കൂളുകളിൽ നിർദേശിച്ചിട്ടുള്ള ഷൂസ് ധരിക്കാത്തത് ഒരു അധ‍്യാപകനോട് പരാതിപ്പെട്ടതാണ് തർക്കത്തിന് തുടക്കമിട്ടതെന്നാണ് ദൃക്സാക്ഷിയുടെ മൊഴി. സ്കൂൾ സമ‍യം കഴിഞ്ഞപ്പോൾ തർക്കം രൂക്ഷമായതായും ഇതിനിടെ പ്രതികളിലൊരാൾ വിദ‍്യാർഥിയെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ആക്രമണത്തിന് ഉപയോഗിച്ച കത്തി സ്കൂൾ ഗേറ്റിന് സമീപത്തു നിന്നും കണ്ടെടുത്തു. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്തതായും തുടർനടപടികൾ നടന്നുവരുകയാണെന്നും പൊലീസ് വ‍്യക്തമാക്കി.